തീരദേശപരിപാലന നിയമം വികസനത്തിന് തടസ്സം: മുഖ്യമന്ത്രി
കൊച്ചി: തീരദേശപരിപാലന നിയമം കാരണം സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. മുനമ്പം മത്സ്യബന്ധന തുറമുഖം രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പരിസ്ഥിതി കണക്കിലെടുത്ത് നിയമത്തില്‍ ഇളവുവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.വിദേശ ട്രോളറുകളുടെ കടന്നുകയറ്റം നിയന്ത്രിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വന്‍കിടക്കാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുനമ്പം തുറമുഖത്തോടനുബന്ധിച്ചു നിര്‍മ്മിച്ച ലേലപ്പുരകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.സി.കബീര്‍ നിര്‍വഹിച്ചു. സമര്‍പ്പണ ച്ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സഹകരണമന്ത്രി എസ്.ശര്‍മ്മ ജെട്ടികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.വി.ഔസേഫ്, ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ തുടങ്ങിയവരും സംബന്ധിച്ചു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധപ്രകടനം നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ മുനമ്പം കവലയില്‍ പൊലീസ് അറസ്റുചെയ്തു നീക്കി. ഗോശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ അലംഭാവം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ ബാനറുമായെത്തിയ വൈപ്പിന്‍ പാലം ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു.