വീരപ്പന്റെ മൂന്നു കാസറ്റുകള്‍ കൂടി
ചെന്നൈ: കന്നഡ ചലച്ചിത്ര താരം രാജ്കുമാറിന്റെ മോചനദൗത്യവുമായി കാട്ടിലേക്കു പോയ നക്കീരന്‍ എഡിറ്റര്‍ ആര്‍.ആര്‍. ഗോപാല്‍ വീരപ്പന്റെ ആവശ്യങ്ങളടങ്ങിയ കൂടുതല്‍ കാസറ്റുകള്‍ കൊണ്ടുവന്നു. രണ്ടു വീഡിയോ കാസറ്റുകളും ഒരു ഓഡിയോ കാസറ്റും ഗോപാല്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിക്ക് കൈമാറിയിട്ടുണ്ടെന്നാണ് കരുതുന്നത്.
കാട്ടില്‍ നിന്ന് തിരിച്ചെത്തിയ ഗോപാലും കരുണാനിധിയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളപ്പെടുത്താന്‍ ഇരുവരും തയ്യാറായില്ല.
കാസറ്റില്‍ അടങ്ങിയിട്ടുള്ള വീരപ്പന്റെ ആവശ്യങ്ങളെക്കുറിച്ച് കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ആഗസ്ത് 25-ന് വെള്ളിയാഴ്ച കരുണാനിധിയുമായി ചര്‍ച്ച നടത്തും. അതേസമയം തമിഴ്നാട് ലിബറേഷന്‍ ആര്‍മിയില്‍ മുന്‍കാലത്ത് പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകനായ വേണുഗോപാലിനെ മറ്റൊരു ദൂതനാക്കുന്ന കാര്യവും കൃഷ്ണാസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതിനിടെ വീരപ്പന്റെ അനുയായികളായ 51 തടവുകാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മൈസൂര്‍ ഹൈക്കോടതി ആഗസ്ത് 28 വരെ നീട്ടിയത് രാജ്കുമാറിന്റെ മോചനം കൂടുതല്‍ വൈകാന്‍ ഇടയാക്കുമെന്ന് കരുതുന്നു.
ജൂലായ് 30-ന് അര്‍ധരാത്രിയാണ് രാജ്കുമാറിനെയും മറ്റു മൂന്നുപേരെയും വീരപ്പന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. സമാധാനദൗത്യവുമായി ആദ്യം കാട്ടിലേക്കു പോയ ഗോപാലിന്റെ പക്കല്‍ തന്റെ 14 ആവശ്യങ്ങളടങ്ങിയ കാസറ്റ് വീരപ്പന്‍ കൊടുത്തുവിട്ടിരുന്നു. വീരപ്പന്റെ ചില അനുയായികളെ മോചിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള പല ആവശ്യങ്ങളും അംഗീകരിക്കാന്‍ തമിഴ്നാട്-കര്‍ണാടക സര്‍ക്കാരുകള്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications