ഗെയ്ക്വാദ് കോച്ച് സ്ഥാനം ഏറ്റെടുക്കും.
ദില്ലി: അന്‍ഷുമാന്‍ ഗെയ്ക്വാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കും. ഒക്ടോബര്‍ വരെ ടീമിനെ പിരിശീലിപ്പിക്കുന്നതിന് ഗെയ്ക്വാദ് സമ്മതിച്ചതായി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയവന്ത് ലെലെസപ്തംബര്‍ 12 ചൊവാഴ്ച രാത്രി ബറോഡയില്‍ അറിയിച്ചു.
നയ്റോബിയില്‍ നടക്കുന്ന ഐ.സി.സി കപ്പിലേയ്ക്കും ഷാര്‍ജ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലേയ്ക്കുമുള്ളഇന്ത്യന്‍ ടീമിനെ ഗെയ്ക്വാദ് പരിശീലിപ്പിക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ 15 വരെയാണ് നയ്റോബി ടൂര്‍ണമെന്റ്. ഷാര്‍ജ കപ്പ് ഒക്ടോബര്‍ 20 മുതല്‍ 29 വരെയും. ഒക്ടോബര്‍ അവസാനം വരെയാണ് ഗെയ്ക്വാദിന്റെ നിയമനം.
അതിനു ശേഷം പുതിയ കോച്ചിനെ ബോര്‍ഡ് കണ്ടെത്തും. ദീര്‍ഘനാളത്തേയ്ക്ക് പരിശീലകനാകാന്‍ സമ്മതമുള്ള ആളെയാണ് ബോര്‍ഡ് അന്വേഷിക്കുന്നത്. വിദേശപരിശീലകനാണ് ബോര്‍ഡ് മുന്‍ഗണന നല്‍കുന്നത്. മുന്‍ ആസ്ത്രേലിയന്‍ താരം ജഫ് മാര്‍ഷ്, മുന്‍ ന്യൂസിലാന്‍ഡ് താരം ജോണ്‍ റൈറ്റ് തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.