യു. ഡി. എഫില്‍ നേതൃമാറ്റം വേണ്ട : കരുണാകരന്‍
തിരുവനന്തപുരം: യു.ഡി. എഫില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് കെ.കരുണാകരന്‍. സപ്തംബര്‍ 14 വ്യാഴാഴ്ച തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിലാണ് കരുണാകരന്‍ പുതിയ നിലപാട് പ്രഖ്യാപിച്ചത്.
എ.കെ. ആന്റണി കഴിവുള്ള നേതാവാണെന്നും തത്കാലം യു.ഡി.എഫില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും കരുണാകരന്‍ പ്രസ്താവിച്ചു . നേതൃമാറ്റം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി തനിക്കറിവൊന്നുമില്ലെന്ന് കരുണാകരന്‍ പറഞ്ഞു. ആന്റണിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ മുന്നണി ഒറ്റക്കെട്ടായി നേരിടും.
നാലു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആകെ തകിടം മറിച്ചതായി കരുണാകരന്‍ ആരോപിച്ചു. പ്രധാനപ്പെട്ട ഒരു പദ്ധതിപോലും ഇടതുഭരണത്തിന്‍ കീഴില്‍ കേരളത്തിലുണ്ടായിട്ടില്ല.
പാര്‍ട്ടിയില്‍ യുവാക്കള്‍ക്കു പ്രാമുഖ്യം നല്‍കുന്നതിനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ കരുണാകരന്‍ സ്വാഗതം ചെയ്തു. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ താന്‍ സന്തുഷ്ടനല്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അവാസ്തവമാണെന്ന് കരുണാകരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ അതിയായ സന്തോഷമുണ്ട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക് ക്രെഡിറ്റ് അവകാശപ്പെടുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവിടെ കോണ്‍ഗ്രസ് സി.പി.എമ്മിനെയോ ബി.ജെ.പിയെയോ പിന്‍തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications