കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ പോരാട്ടം മുറുകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ കൊച്ചി നഗരസഭയില്‍ പോരാട്ടം മുറുകുന്നു. എല്‍ ഡി എഫിനും യു ഡി എഫിനും പുറമേ ബി ജെ പിയും ഏതാനും ഡിവിഷനുകളില്‍ ശക്തമായി രംഗത്തുണ്ട്. ആകെയുള്ള 66 ഡിവിഷനുകളില്‍ 45 ലും മുന്നിലെത്തുമെന്ന് ഇടതുമുന്നണിയും 42 എണ്ണത്തില്‍ വിജയിക്കുമെന്ന് ഐക്യമുന്നണിയും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാനായ പിഡിപിക്ക് ഇത്തവണ അതാവര്‍ത്തിക്കാനാവുമോയെന്ന് സംശയമുണ്ട്.

ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് കൊച്ചി നഗരസഭയില്‍. ചുവരെഴുത്തുകളും ബാനറുകളും പോസ്റ്ററുകളും മുന്‍കാലങ്ങളിലേതു പോലെ പ്രത്യക്ഷപ്പെടുന്നില്ല. വ്യക്തി ബന്ധങ്ങളും വികസന പ്രവര്‍ത്തനങ്ങളും ആണ് പാര്‍ട്ടികളുടെ തുറുപ്പു ചീട്ട്. ശബ്ദ കോലാഹലത്തോടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി പാര്‍പ്പിട കോളനികളിലെയും ഫ്ലാറ്റുകളിലെയും റസിഡന്റ്സ് അസോസിയേഷനുകളെ സ്വാധീനിക്കാനും ശ്രമങ്ങല്‍ നടക്കുന്നുണ്ട് .

നഗരസഭയ്ക്ക് പ്രത്യേക പ്രകടനപത്രികകളുമായി ഇരു മുന്നണികളും ബി.ജെ.പിയും വോട്ടര്‍മാരെ സമീപിക്കുന്നു.

മൂന്ന് ദശാബ്ദം നീണ്ട നഗര ഭരണത്തിന്റെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഇതു വരെയുള്ള നേട്ടങ്ങള്‍ നിരത്തി, കൂടുതലായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്നണി എടുത്തു കാട്ടുന്നു. നഗരത്തിന്റെ തീരാശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സമാന്തര റോഡ് ശൃംഗലയും ആറ് വരി തീരദേശ പാതയും മുന്നണി വിഭാവന ചെയ്യുന്നു. കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച കാസറ്റിന്റെ ടെലി പ്രൊജക്ടര്‍ ചിത്രീകരണം എല്‍ ഡി എഫ് പ്രചാരണത്തിലെ പുതുമയാണ്. പുത്തന്‍ നൂറ്റാണ്ടില്‍ പുതിയ കൊച്ചി എന്നതാണ് എല്‍ ഡി എഫ് മുദ്രാവാക്യം.

ഇടതുമുന്നണഇയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അറിയപ്പെടുന്നത് സി പിഎം സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ ദിനേശ് മണിയാണ്. ചളിക്കവട്ടം ഡിവിഷനില്‍ നിന്നാണ് ദിനേശ് മണി മത്സരിക്കുന്നത്. പാര്‍ട്ടി നിര്‍ദ്ദേശപ്രക്രാരം ഇപ്പോഴത്തെ മേയര്‍ സോമസുന്ദര പണിക്കര്‍ മത്സരരംഗത്തു നിന്നും വിട്ടു നില്‍ക്കുന്നു.

കൊച്ചിയുടെ നീറുന്ന പ്രശ്നങ്ങളും ജനകീയാസൂത്രണത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടി യു ഡി എഫ് പ്രചാരണം മുന്നേറുന്നു. 27 വര്‍ഷം മുമ്പ് കൈവിട്ട നഗരഭരണം ഇത്തവണ തിരിച്ചു പിടിക്കാമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. കെ പി സി സി ജോയിന്റ് സെക്രട്ടറി എന്‍ വേണുഗോപാല്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്നു. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നുത്.

നഗരത്തിന്റെ സമഗ്രവികസന രേഖയുമായാണ് ബി ജെ പി ജനങ്ങളെ സമീപിക്കുന്നത് . ആദ്യമായി പ്രകടനപത്രിക പുറത്തിറക്കിയതും ബി ജെ പിയാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതികളാണ് വാഗ്ദാനങ്ങളിലെ പ്രത്യേകത. ഫ്ളൈ ഓവര്‍ പോലും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട് .

വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുതേടുന്നതില്‍ ഇടതുമുന്നണിയാണ് മുന്നില്‍. യു ഡി എഫിനെ പതിവു പോലെ വിമത ശല്യം അലട്ടുന്നു. ഒരു സിറ്റിംഗ് കൗണ്‍സിലറും രണ്ട് ഡി സി സി അംഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയും റിബല്‍പ്പട്ടികയിലുണ്ട്. എല്‍ ഡി എഫില്‍ ഒരു സിറ്റിംഗ് കൗണ്‍സിലര്‍ ഇത്തവണ വിമതനായുണ്ട്.

കഴിഞ്ഞ തവണ മട്ടാഞ്ചേരിയിലെ രണ്ട് ഡിവിഷനുകളില്‍ വിജയം നേടിയ പി ഡി പി ഇത്തവണയും ആ ഡിവിഷനുകളില്‍ മത്സരിക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണ വിജയം നേടിക്കൊടുത്ത അബ്ദുല്‍ നാസര്‍ മദനിയുടെ പ്രഭാവം ഇത്തവണയില്ലാത്തതിനാല്‍ പി ഡി പി വിജയം കാണുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കില്ല.

ബി ജെ പിയുടെ സിറ്റിംഗ് കൗണ്‍സിലര്‍ ശ്യാമളപ്രഭു അഞ്ചാം ഡിവിഷനില്‍ മത്സരിക്കുന്നു. നാമനിര്‍ദ്ദേശപത്രിക തള്ളപ്പെട്ട ശ്യാമള കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് മത്സരിക്കാന്‍ യോഗ്യത നേടിയത് .

പ്രചാരണപ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്കുള്ള അവഗണന മുന്നണികളെ അലട്ടുന്നുണ്ട്. കോര്‍ണര്‍ യോഗങ്ങളില്‍ രാഷ്ട്രീയം കേള്‍ക്കാന്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X