അധികാര വിഭജനം: സിപിഎം-സിപിഐ ഭിന്നത
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണി ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നത.
ഭരണാധികാരം വീതിക്കുന്നത് ഇടതുമുന്നണിയുടെ ജില്ലാ ഘടകങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന സിപിഎമ്മിന്റെ നിലപാടാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സിപിഎം തീരുമാനിക്കേണ്ടതല്ലെന്നും ഇടതുമുന്നണിയുടെ സംസ്ഥാന ഏകോപനസമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സിപിഐ പറയുന്നു.
തിരഞ്ഞെടുപ്പിനു ശേഷം മുന്നണിയുടെ ഏകോപനസമിതി യോഗം വിളിക്കാത്തതില്‍ സിപിഐയുടെ ജില്ലാ-സംസ്ഥാന നേതാക്കളുടെ സംയുക്തയോഗം പ്രതിഷേധിച്ചു.
തൃശൂര്‍, കൊല്ലം ജില്ലകളില്‍ സിപിഐക്ക് സീറ്റു കുറഞ്ഞതിനെക്കുറിച്ച് എല്‍ഡിഎഫ് സംസ്ഥാന സമിതി പരിശോധിക്കണമെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാഞ്ഞത് ഘടകകക്ഷികള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണെന്നും സിപിഐ ആരോപിച്ചു.