തായ് പൊലീസിനെതിരെ ഛോട്ടാരാജന്‍
ബാങ്കോക്ക്: വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് തായ്ലണ്ടില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലായ അധോലോകനായകന്‍ ഛോട്ടാരാജന്‍ തായ് ഇമിഗ്രേഷന്‍ പൊലീസിനെതിരേ നിയമയുദ്ധത്തിന് തയ്യാറെടുക്കുന്നു.
തന്നെ അനധികൃതമായി പൊലീസ് കസ്റ്റഡിയില്‍ തടഞ്ഞുവെച്ചുവെന്നാരോപിച്ചാണ് രാജന്‍ പൊലീസിനെ കോടതികയറ്റാന്‍ ശ്രമിക്കുന്നത്. പൊലീസ് അധികാരദുര്‍വിനിയോഗം നടത്തിയാണ് രാജനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് ഇയാളുടെ അഭിഭാഷകന്‍ അവകാശപ്പെടുന്നു.
വ്യാജയാത്രാരേഖകള്‍ ഉപയോഗിച്ചുവെന്ന കുറ്റത്തിന് ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയാണ് തായ് പൊലീസ് രാജനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
രാജന്റെ പുതിയ നീക്കത്തിനു പിന്നില്‍ ഇന്ത്യയില്‍ നിന്നുള്ള ചില രാഷ്ട്രീയക്കാരുടെ പിന്തുണയുമുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിവായി. രാജന്‍ തായ്ലണ്ടില്‍ നിന്നും രക്ഷപ്പെടണമെന്നും ഇന്ത്യയില്‍ എത്തരുതെന്നും ആഗ്രഹമുള്ളവര്‍ ആണിവര്‍.
ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായ അധോലോക നായകനെ ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്് മഹാരാഷ്ട്ര സര്‍ക്കാരും മുംബൈ പൊലീസും . എന്നാല്‍ ഈ നീക്കത്തിന് തുടക്കം മുതലേ വേണ്ടത്ര പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടിയിരുന്നില്ല.
ഇന്ത്യയും തായ്ലണ്ടും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവില്ലാത്തതാണ് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നതിനു തടസമായിരിക്കുന്നത്.
സപ്തംബര്‍ 15 വെള്ളിയാഴ്ചയുണ്ടായ വധശ്രമത്തില്‍ നിന്നും രാജന്‍ കഷ്ടിച്ചു രക്ഷപ്പെട്ടപ്പോള്‍ തന്നെ ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ മുംബൈ പൊലീസ് ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതിനു പച്ചക്കൊടി കിട്ടിയിരുന്നില്ല.
ഒടുവില്‍ ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ രാജനെ രാജ്യം വിടാന്‍ അനുവദിക്കുമെന്ന് തായ് അധികൃതര്‍ വ്യക്തമാക്കിയതോടെ അവസാന നിമിഷം കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മുംബൈ പൊലീസ് തായ്ലണ്ടില്‍ എത്തുകയായിരുന്നു.
അതിനു മുന്നേ തന്നെ രാജനെ മോചിപ്പിച്ചു കൊണ്ട് തായ് അധികതര്‍ ഉത്തരിവിറക്കിയെങ്കിലും മുംബൈ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഈ ഉത്തരവ് പിന്‍വലിക്കുകയും വ്യാജപാസ്പോര്‍ട്ട് കൈവശം വച്ചുവെന്ന കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലായ രാജന്‍ ഇപ്പോഴും ചികിത്സയിലാണ്.
അധികാരദുര്‍വിനിയോഗത്തിലൂടെ ഛോട്ടാരാജനെ അറസ്റ്റ് ചെയ്ത് ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ചുവെന്നാരോപിച്ചാണ് ഇയാളുടെ അഭിഭാഷകര്‍ കോടതിയെ സമീപിക്കുന്നത്.
രാജനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ കേസ്. കേസില്‍ കോടതി ഇയാള്‍ക്കനുകൂലമായി വിധിച്ചാല്‍ ഇന്ത്യയിലെത്താതെ ഇയാള്‍ക്ക് രക്ഷപ്പെടാം.