ടാഡാ തടവുകാരെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു
ദില്ലി: കന്നഡ നടന്‍ രാജ്കുമാറിന്റെ മോടനത്തിനായി വീരപ്പന്‍ ആവശ്യപ്പെട്ടതു പ്രകാരം 51 ടാഡാ തടവുകാരെ മോചിപ്പാക്കുള്ള കര്‍ണാടക., തമിഴ്നാട് സര്‍ക്കാരുകളുടെ നീക്കത്തെ സുപ്രീം കോടതി തടഞ്ഞു. തടവുകാരെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ണാടക പൊലീസ് സബ്ഇന്‍സ്പെക്ടര്‍ ഷക്കീല്‍ അഹമ്മദിന്റെ പിതാവ് അബ്ദുല്‍ കരീം നല്‍കിയ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതോടെ 99 ദിവസമായി വീരപ്പന്റെ തടവില്‍ കഴിയുന്ന രാജ്കുമാറിന്റെ മോചനം അനിശ്ചിതത്വത്തിലായി.
വീരപ്പന്റെ ആവശ്യപ്രകാരം 51 ടാഡാ തടവുകാര്‍ക്ക് മോചനം സാധ്യമാക്കുന്ന രീതിയില്‍ ജാമ്യം അനുവദിച്ച മൈസൂര്‍, മദ്രാസ് ഹൈക്കോടതികളുടെ ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. നവംബര്‍ ഏഴ് ചൊവാഴ്ച ജസ്റ്റീസുമാരായ എസ് പി ബറൂച്ച, ഡി പി മഹാപത്ര, വൈ കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ടാഡാ കേസില്‍ മൈസൂര്‍, മദ്രാസ് ഹൈക്കോടതികളുടെ വിധി ഇത് സംബന്ധിച്ച എല്ലാ നിയമവശങ്ങളും കണക്കിലെടുക്കാതെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ടാഡാതടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും വളരെ മോശമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തടവുകാരെ മോചിപ്പിച്ചാലും വീരപ്പന്‍ രാജ്കുമറിനെ വിട്ടയയ്ക്കുമോയെന്നതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ഇരു സര്‍ക്കാരുകളും പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്തു വര്‍ഷമായി വീരപ്പനെ പിടികൂടാന്‍ കഴിയാത്ത കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ ടാഡാ തടവുകാരെ മോചിപ്പിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണോയെന്ന് സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.