കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യസംസ്കരണ ഭൂമി: സിപിഎം പ്രതിക്കൂട്ടില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് വ്യാപകമായി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നു. ചേരാനല്ലൂര്‍, ബ്രഹ്മപുരം എന്നീ സ്ഥലമെടുപ്പുകളെ പേരില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കോര്‍പ്പറേഷനെ നിശിതമായി വിമര്‍ശിച്ച സാഹചര്യത്തിലാണിത്.

ഇതിന്റെ ചുവടു പിടിച്ച് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് സിപിഎമ്മിനെ കൂടുതല്‍ വിഷമിപ്പിക്കുന്നു.

കുറഞ്ഞ വിലയുള്ള ഭൂമി വളരെ കൂടുതല്‍ തുക നിശ്ചയിച്ചാണ് കച്ചവടം നടത്തിയതെന്ന് എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മേയര്‍ കെ.കെ. സോമസുന്ദരപ്പണിക്കര്‍, സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. മണിശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഇതു മൂലം കോര്‍പ്പറേഷന് ഏഴു കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായി പ്രതിപക്ഷം ആരോപിക്കുന്നു.

പതിനായിരത്തോളം രൂപ മാത്രം വില മതിക്കുന്ന ഭൂമി സെന്റിന് 25,000 രൂപ വില കൊടുത്ത് നഗരസഭ വാങ്ങി എന്നാണ് പ്രധാന ആരോപണം. ഒട്ടാകെ ഒന്നരക്കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കരുതുന്നത്. മുന്‍ മേയര്‍, സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ചേരാനല്ലൂരിലെ സിപിഎം നേതൃത്വം, പഞ്ചായത്തിലെ യുഡിഎഫിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഈ ഇടപാടില്‍ സാമ്പത്തിക നേട്ടമുണ്ടായതായും ആരോപണമുണ്ട്.

നഗരമാലിന്യങ്ങള്‍ ഉദയം പേരൂരില്‍ തള്ളാനുള്ള നീക്കത്തിനെതിരെ ജനരോഷമുയര്‍ന്നപ്പോള്‍ ചേരാനല്ലൂരില്‍ സ്ഥലം കണ്ടെത്തുകയായിരുന്നു. കോര്‍പ്പറേഷന്‍ ചേരാനല്ലൂരില്‍ സ്ഥലമെടുത്ത് മാലിന്യങ്ങള്‍ കൃഷിഭൂമിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി സദാനന്ദന്റെ നേതൃത്വത്തില്‍ ജനകീയസമരം ഉണ്ടായി. എന്നാല്‍ നഗരസഭയിലെ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്നും പിന്മാറി.

പക്ഷെ സമരത്തെത്തുടര്‍ന്ന് പ്രശ്നം കോടതിയിലെത്തി. കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി മാലിന്യം നിക്ഷേപിക്കുന്ന ഹൈക്കോടതി കോര്‍പ്പറേഷന് അനുവാദം നല്‍കി. കൃഷിഭൂമിയില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് മേല്‍ രണ്ടര ഇഞ്ച് കനത്തില്‍ മണ്ണിടുക, അണുനാശിനി തളിക്കുക, ഒന്നിടവിട്ട ദിവസങ്ങളില്‍ ഫോഗിംഗ് നടത്തുക തുടങ്ങിയവയായിരുന്നു നിബന്ധനകള്‍.

പക്ഷെ ഇതൊന്നും കോര്‍പ്പറേഷന്‍ നടപ്പാക്കിയില്ല. പെരിയാറിന്റെ കൈവഴിയെ മലിനപ്പെടുത്തുന്നതാണ് മാലിന്യനിക്ഷേപമെന്നാരോപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇതിനിടെ രംഗത്തെത്തി. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് അവരെയും പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിപ്പിച്ചതായി പരാതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X