കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംബാബ്വെ ഒമ്പതിന് 422 ഡിക്ലയേര്‍ഡ്

  • By Super
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ബൗളര്‍മാരെ നാണം കെടുത്തിയ പ്രകടനത്തിലൂടെ ആദ്യ ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സ് സിംബാബ്വെ ഒമ്പതു വിക്കറ്റിന് 422 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

അഭേദ്യമായ പത്താം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുന്‍ ക്യാപ്റ്റന്‍ ആന്‍ഡി ഫ്ലവറും ഹെന്‍റി ഒലോംഗയും ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളര്‍മാരെ നാണം കെടുത്തിയത്. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ആന്‍ഡി 183 റണ്‍സോടെയും ഒലോംഗ 11 റണ്‍സോടെയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സെടുത്തു. വെളിച്ചക്കുറവു കാരണം മൂന്ന് ഓവര്‍ നേരത്തെ കളി നിര്‍ത്തുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ശിവ് സുന്ദര്‍ ദാസ് നാലു റണ്ണോടെയും സദഗോപന്‍ രമേഷ് മൂന്നു റണ്ണോടെയും ബാറ്റ് ചെയ്യുന്നു.

ആറിന് 232 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്വെക്ക് 266ല്‍ വെച്ച് ഏഴാം വിക്കറ്റ് നഷ്ടപ്പെട്ടു. 19 റണ്‍സെടുത്ത പോള്‍ സ്ട്രാംഗ് ജോഷിയുടെ പന്തില്‍ ഗാംഗുലിയുടെ കൈയില്‍.

പിന്നീടു വന്ന മര്‍ഫിക്കും ബ്രയാന്‍ സ്ട്രാംഗിനും കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. 13 റണ്‍സെടുത്ത മര്‍ഫി റണ്ണൗട്ടായപ്പോള്‍ ആറു റണ്ണെടുത്ത ബ്രയാനെ അജിത് അഗാര്‍ക്കര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അപ്പോള്‍ സിംബാബ്വെയുടെ സ്കോര്‍ ഒമ്പതിന് 325. ഇതിനകം ആന്‍ഡി ഫ്ലവര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

എത്രയും പെട്ടെന്ന് സിംബാബ്വെയുടെ അവസാന വിക്കറ്റും കൈക്കലാക്കി രണ്ടാം ദിവസം തന്നെ മികച്ച ഒരു സ്കോര്‍ പടുത്തുയര്‍ത്താന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്ന സമയത്താണ് ആന്‍ഡി ഫ്ലവറുമൊത്ത് ഒലോംഗ കൂട്ടുകെട്ടിനെത്തുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കനത്ത പ്രതിരോധം പടുത്തുയര്‍ത്തിയ ഒലോംഗ ആന്‍ഡി ഫ്ലവറിന് സ്ട്രൈക്ക് നല്കുന്നതില്‍ വളരെ ശ്രദ്ധ ചെലുത്തി.

അതിന്റെ ഫലമായാണ് അഭേദ്യമായ പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ സിംബാബ്വെയുടെ റിക്കാര്‍ഡായ 97 റണ്‍സ് പിറന്നത്. സിംബാബ്വെയുടെ ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി എല്ലാ ബൗളര്‍മാരെയും തന്നെത്തന്നെയും പരീക്ഷിച്ചു നോക്കിയിട്ടും നിരാശനായി പിന്‍വാങ്ങേണ്ടി വന്നു. അവസാനം ഗതി കെട്ട ഗാംഗുലിക്ക് ഹീത്ത് സ്ട്രീക്ക് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുന്നത് കാത്തേരിക്കേണ്ടിയും വന്നു.

ഇന്ത്യയ്ക്കു വേണ്ടി ജവഗല്‍ ശ്രീനാഥ് നാലും സുനില്‍ ജോഷി രണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ഒന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X