കോഴിക്കോട്ട് ഭ്രാന്തിപ്പശു രോഗം
കോഴിക്കോട്: അത്യപൂര്‍വമായ ഭ്രാന്തിപ്പശു രോഗം(മാഡ് കൗ ഡിസീസ്) കോഴിക്കോട് ജില്ലയില്‍ കണ്ടെത്തി.
ചെട്ട്യാംതൊടിയില്‍ ചന്ദ്രന്‍ എന്നയാളിനാണ് ഈ മാരക രോഗം ബാധിച്ചിട്ടുള്ളത്. ഇയാളെ ചികിത്സിക്കാന്‍ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. രണ്ടു മാസത്തോളമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.ബി.രമേശന്റെ ചികിത്സയിലാണ് ചന്ദ്രന്‍.
താമരശ്ശേരിയില്‍ ട്രഷറി ഉദ്യോഗസ്ഥനായ ചന്ദ്രനെ കഴിഞ്ഞ ഓണക്കാലത്താണ് കൈകാല്‍ കുഴഞ്ഞ് നടക്കാനാവാത്ത രീതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ 16 ദിവസത്തെ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റിറ്റ്യൂട്ടില്‍ ഒരാഴ്ച കിടന്നു. അവിടെയാണ് ചന്ദ്രനെ ബാധിച്ചിരിക്കുന്നത് ഭ്രാന്തിപ്പശു രോഗമാണെന്ന് സ്ഥിരീകരിച്ചത്.
അതിശക്തിയായി വിറയ്ക്കുന്ന ഇദ്ദേഹത്തിന്റെ കൈകാലുകള്‍ കട്ടിലില്‍ ചേര്‍ത്തു കെട്ടിയിരിക്കുകയാണ്. കേള്‍വിശക്തിയും സംസാരശേഷിയും നശിച്ചു. കാഴ്ചശക്തി അല്പമുണ്ട്. ട്യൂബിലൂടെ നല്കുന്ന വെള്ളം മാത്രമാണ് ഭക്ഷണം.
പശു, കാള, പോത്ത് എന്നിവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാവുന്നത്. എന്നാല്‍ കേരളത്തിലെ കന്നുകാലികള്‍ക്ക് ഇത്തരമൊരു രോഗബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.