കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ മോഷണസംഘം പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൊച്ചി ഡിപ്പോയിലേക്കു കൊണ്ടുവന്ന ഹൈസ്പീഡ് ഡീസല്‍ സമാന്തര പൈപ്പ് ലൈനുകള്‍ വഴി ചോര്‍ത്തി വിറ്റ ഉന്നതരടങ്ങുന്ന സംഘം സിബിഐ വലയിലായി.

കൊച്ചി തുറമുഖത്തെ പമ്പിങ് ജെട്ടിക്കും ഇരുമ്പനത്തെ ഐഒസി ഡിപ്പോയ്ക്കും ഇടയിലുള്ള പൈപ്പ് ലൈനില്‍ നിന്നാണ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ലക്ഷക്കണക്കിനു ലിറ്റര്‍ ഡീസല്‍ ചോര്‍ത്തിയത്.

സംഭവത്തോടനുബന്ധിച്ച് ഐഒസി ഡെപ്യൂട്ടി മാനേജര്‍ ആര്‍.നടരാജഅയ്യര്‍, തോപ്പുംപടി ബാവ എന്റര്‍പ്രൈസസിലെ എം.എ.ബല്‍രാജ്, അമ്മു ഡോള്‍ഫിന്‍ ബാര്‍ജ് മാനേജിങ് ഡയറക്ടര്‍ കെ.സി.ബെന്നി റാഫേല്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം തയ്യാറായി വരികയാണെന്ന് സിബിഐ സൂപ്രണ്ട് ആര്‍.ശ്രീലേഖ പറഞ്ഞു.

കേസന്വേഷണത്തിനായി സിബിഐ ഡിവൈഎസ്പി മുരുകന്‍ മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലേക്കു പോയിരിക്കുകയാണ്. ഇദ്ദേഹം തിരിച്ചെത്തിയാലുടന്‍ സിബിഐ കോടതിയില്‍ കുറ്റപത്രം നല്കുമെന്നും അവര്‍ പറഞ്ഞു.

മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കപ്പലില്‍ കൊണ്ടുവരുന്ന ഡീസല്‍ കൊച്ചി തുറമുഖത്തെ പമ്പിങ് ജെട്ടിയില്‍ നിന്നും ഇരുമ്പനത്തുള്ള ഐഒസി ടാങ്കറുകളിലേക്ക് ഭൂഗര്‍ഭ പൈപ്പുകള്‍ വഴിയാണ് കൊണ്ടു പോകുന്നത്. പമ്പിങ് സമയത്ത് വായുമര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള വാല്‍വുകളിലൂടെ മറ്റൊരു പൈപ്പിട്ട് കായലില്‍ കിടക്കുന്ന ഡോള്‍ഫിന്‍ ബാര്‍ജിലേക്ക് ഡീസല്‍ ഊറ്റിയെടുക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി. ബാര്‍ജിലെ ടാങ്കുകളിലും കന്നാസുകളിലും ഡീസല്‍ നിറച്ചശേഷം വെസ്റ് ഐലന്‍ഡില്‍ കൊണ്ടുവന്ന് അവിടെ നിന്നും ടാങ്കര്‍ ലോറികളില്‍ പമ്പുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തോപ്പുംപടിയിലെ ബാവാ എന്റര്‍പ്രൈസസ് എന്ന പെട്രോള്‍ പമ്പ് സ്ഥാപനമാണ് ഡീസല്‍ വില്പനയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത്. പൊതുവിപണിയില്‍ ലിറ്ററിനു 16 രൂപ വിലയുള്ള ഡീസല്‍ വെറും 10 രൂപയ്ക്കാണ് സംഘം വിറ്റത്. ഒരു കപ്പലിലെ ഡീസല്‍ ഇതുപോലെ മോഷ്ടിച്ചു വില്ക്കുമ്പോള്‍ ഒരാള്‍ക്ക് ആറു ലക്ഷം രൂപ വീതം ലാഭം ലഭിച്ചിരുന്നതായി സിബിഐ കണ്ടെത്തി.

കഴിഞ്ഞ മേയിലാണ് സിബിഐയ്ക്ക് ഡീസല്‍ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നത്. വെസ്റ് ഐലന്‍ഡില്‍ രണ്ടു ടാങ്കര്‍ ലോറികള്‍ കിടക്കുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്കു രഹസ്യസന്ദേശം ലഭിച്ചു. ഇതനുസരിച്ച് അവര്‍ ഐലന്‍ഡിലെത്തിയപ്പോള്‍ ഒരു ടാങ്കര്‍ ലോറി അവിടെ നിന്നു മാറ്റി. പിടികൂടിയ ടാങ്കറില്‍ നിന്നു മാത്രം കണ്ടെടുത്ത 41,000 ലിറ്റര്‍ ഡീസലിന് ഏഴു ലക്ഷത്തോളം രൂപ വിലയുണ്ടായിരുന്നു.

ഡീസല്‍ മോഷണ സംഘം വിതരണം ചെയ്തിരുന്ന പമ്പുകളെല്ലാം നിറഞ്ഞതിനാല്‍ ലോറിയിലെ ഡീസല്‍ ഒഴിവാക്കാന്‍ വേറെ മാര്‍ഗമില്ലാതിരുന്നതാണ് ടാങ്കറുകള്‍ ഐലന്‍ഡില്‍ കിടക്കുന്നതിനു കാരണമായത്.

പകല്‍ സമയം ഫാക്ടിനു വേണ്ടി ചരക്കുകള്‍ കയറ്റിയിറക്കിയിരുന്ന ബാര്‍ജാണ് ഡോള്‍ഫിന്‍. രാത്രിയില്‍ ഡീസല്‍ ചോര്‍ത്തുകയായിരുന്നു ഇവരുടെ പണി. ഒരു ലക്ഷം ലിറ്റര്‍ വരെ ഒരേ സമയം ബാര്‍ജില്‍ കയറ്റാനാവും.

കുറ്റാരോപിതനായ ഡെപ്യൂട്ടി മാനേജര്‍ നടരാജ അയ്യര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. തട്ടിപ്പ് സിബിഐ കണ്ടെത്തിയ ഉടനെ ഇദ്ദേഹത്തെ മൂന്നു മാസത്തേയ്ക്ക് സസ്പെന്‍ഡു ചെയ്തിരുന്നു. പിന്നീട് സര്‍വീസില്‍ തിരികെയെത്തിയ ഇദ്ദേഹം ഇപ്പോള്‍ വീണ്ടും സസ്പെന്‍ഷനിലാണ്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് സിബിഐ നടരാജ അയ്യര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X