കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് ഇനിയും വരും: വാജ്പേയി

  • By Super
Google Oneindia Malayalam News

കൊച്ചി:കേരളത്തിലേക്ക് ഞാന്‍ ഇനിയും മടങ്ങിവരും-ദില്ലിയ്ക്ക് മടങ്ങാന്‍ ജനവരി ഒന്ന് തിങ്കളാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വാരത്താലേഖകരോട് പറഞ്ഞു.

കുമരകത്തെ താമസം ആഹ്ലാദപൂര്‍ണ്ണമായിരുന്നു.ആയുര്‍വേദ ചികിത്സ തുടങ്ങുന്നതേയുള്ളൂ.ഇനിയും തുടരണം .കേരളത്തിലേക്ക് ഇനിയും വരും -പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വാജ്പേയിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൃദ്യമായ യാത്രയയപ്പ്.

ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ്,ജില്ലാ കലക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ യാത്രയയച്ചത്.വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലിന് സമീപം കാത്തുനിന്ന വാര്‍ത്താലേഖകര്‍ക്കടുത്തെത്തിയ പ്രധാനമന്ത്രി പ്രസന്ന വദനനായി ചോദ്യങ്ങള്‍ക്ക് മറുപടി നല്കി.

കേരളീയര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം നേരുന്നു-വാജ്പേയി ആശംസകള്‍ നേര്‍ന്നു.കാശ്മീര്‍ പ്രശ്നത്തെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞു മാറി.നമുക്ക് ഇപ്പോള്‍ കേരളത്തെക്കുറിച്ച് സംസാരിക്കാം,കാശ്മീര്‍ വേണ്ട -ചിരിയില്‍ പൊതിഞ്ഞ് വാജ്പേയി പറഞ്ഞു.

കോട്ടയത്ത് നിന്ന് വ്യോമസേനാഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി നെടുമ്പാശേരിയിലെത്തിയത്.കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മന്ത്രി ടി.കെ.രാമകൃഷ്ണന്‍ ,ചീഫ് സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവരും പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചിരുന്നു.ഹെലികോപ്റ്ററിനടുത്തേക്ക് കാറുമായി ഗവര്‍ണര്‍ ചെന്നെങ്കിലും പ്രധാനമന്ത്രി കാറില്‍ കയറാതെ കലക്ടര്‍ക്കും ഗവര്‍ണര്‍ക്കുമൊപ്പം പതിയെ നടന്ന് രാജ്യാന്തര ടെര്‍മിനലിന് സമീപത്തെ പന്തലിലേക്കു വന്നു.കാത്തുനിന്നിരുന്ന പൗരപ്രമുഖരെയും ജനപ്രതിനിധികളെയും രാജഗോപാല്‍ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി.

എം.പി മാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ് ,വക്കച്ചന്‍ മറ്റത്തില്‍ എം.എ.കുട്ടപ്പന്‍ എംഎല്‍എ,മുന്‍ കേന്ദ്രമന്ത്രി ഹെന്റി ഓസ്റിന്‍,ന്യൂനപക്ഷ കമ്മിഷന്‍ അംഗം ജോണ്‍ ജോസഫ് ,വിമാനത്താവളക്കമ്പനി മാനേജിംഗ് ഡയറക്ടര്‍ സി.ബാബു രാജീവ്,റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി വി.ജെ.കുര്യന്‍ ,ബിജെപി നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍,വി.വി.അഗസ്റിന്‍,എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളായ കെ.എന്‍.മര്‍സൂഖ്,എസ്.എ.മന്‍സൂര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ യാത്രയയക്കാനെത്തിയിരുന്നു.

കുശലങ്ങള്‍ക്ക് ശേഷം റണ്‍വെയില്‍ കാത്തുകിടന്നിരുന്ന വ്യോമസേനയുടെ രാജ്ദൂത് വിമാനത്തിലേക്ക് പ്രധാനമന്ത്രി കാറിലാണ് നീങ്ങിയത് .കേന്ദ്രമന്ത്രി ഒ.രാജ്ഗോപാലും വാജ്പേയിക്കൊപ്പം വിമാനത്തില്‍ കയറി.വാതിലടയുന്നതിന് മുമ്പ് വാജ്പേയി ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കി കൈവീശി.റണ്‍വേയിലൂടെ നീങ്ങിയ വിമാനം 1.50ന് ആകാശത്തേക്ക് പറന്നുപൊങ്ങി.

പ്രധാനമന്ത്രിയുടെ മടക്കയാത്രയോടനുബന്ധിച്ച് ഒരുക്കിയ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഗള്‍ഫ് യാത്രക്കാര്‍ക്ക് ദുരിതമായി.ദമാമില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കാതെ പ്രധാനമന്ത്രി പോകുന്നത് വരെ ടെര്‍മിനലിന് ദൂരെയായി പിടിച്ചിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X