ശ്രീചിത്രയില്‍ അത്യാധുനിക ചികിത്സാസൗകര്യം
തിരുവനന്തപുരം: ഹൃദയാഘാതത്തിന് മുന്നോടിയായുള്ള മയോകാര്‍ഡിയല്‍ ഇസ്കേമിയ മൂലം വിഷമമനുഭവിക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത. തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ടില്‍ അത്യാധുനിക ചികിത്സാസൗകര്യം തയാറായിക്കഴിഞ്ഞു.
ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ബിച്ചിസിംഹ് റാവത്ത് ജനവരി ഒന്ന് തിങ്കളാഴ്ച നിര്‍വഹിച്ചു. കോംപ്രഹെന്‍സീവ് അക്യൂട്ട് കൊറോണറി കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. 12 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള ഇവിടെ ഏറ്റവും ആധുനിക കാത്ത്ലാബാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നവര്‍ക്ക് ഫോണ്‍ ചെയ്ത ശേഷം നേരെ പുതിയ യൂണിറ്റിലെത്തി ചികിത്സയ്ക്ക് വിധേയരാവാം.
ഹൃദ്രോഗ തീവ്രപരിചരണ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്‍സ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഇനിമുതല്‍ ശ്രീചിത്രയില്‍ നേരിട്ട് ചികിത്സ തേടാവുന്നതാണ്. ഇതുവരെ റഫര്‍ ചെയ്യുന്നവരെ മാത്രമേ ഇവിടെ ചികിത്സിച്ചിരുന്നുള്ളു.