ഇന്ത്യ ആസ്ട്രേലിയയെ മുട്ടുകുത്തിച്ചു
കൊല്‍ക്കത്ത: ഇന്നിംഗ്സ് തോല്‍വിയുടെ ഭീതിയില്‍ നിന്നും വി.വി.എസ്.ലക്ഷ്ണണിന്റെ പ്രൗഢഗംഭീരമായ ഇന്നിംഗ്സിന്റെ ബലത്തില്‍ അവിശ്വസനീയമാം വിധം കളിയിലേക്ക് തിരിച്ചുവന്ന ഇന്ത്യ ടെസ്റ് ക്രിക്കറ്റിലെ ആസ്ട്രേലിയയുടെ ജൈത്രയാത്രക്കു വിരാമം കുറിച്ചു. ഹര്‍ബജന്‍സിംഗ് ഒരിക്കല്‍കൂടി മാസ്മരികസ്പിന്‍ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയക്ക് പിടിച്ചുനില്‍ക്കാനാവാതെ കീഴടങ്ങേണ്ടിവരികയായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നടത്തിയ പര്യടനങ്ങളില്‍ തുടര്‍ച്ചയായി നേടിയ16 ജയങ്ങള്‍ക്കു ശേഷം ആസ്ട്രേലിയ ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ മുട്ടുകുത്തുന്നത്. 171 റണ്‍സിനാണ് ആസ്ട്രേലിയ ഇന്ത്യയോട് അടിയറവ് പറഞ്ഞത്.
ഫോളോ ഓണ്‍ നേരിട്ടതിനു ശേഷം ജയിക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. ഇന്ത്യക്കു വേണ്ടി ഹര്‍ബജന്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് സച്ചിനും വീഴ്ത്തി.
രാവിലെ ഏഴുവിക്കറ്റിന് 657 എന്ന നിലയില്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്ത ഇന്ത്യ പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ്നിരയെ വീഴ്ത്തുന്നതാണ് കണ്ടത്. സമര്‍ഥമായി ബൗള്‍ ചെയ്ത സ്പിന്‍ ബൗളര്‍മാരുടെ മുന്നില്‍ പരാജയമൊഴിവാക്കാനാവാതെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ ഒന്നൊന്നായി തോല്‍വി സമ്മതിക്കുകയായിരുന്നു. ജയിക്കാന്‍ 383 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 212 റണ്‍സ് എടുക്കുമ്പോഴേക്കും പുറത്തായി.
ഓപ്പണര്‍മാരായ മാത്യൂസ് ഹ്െയഡനും മൈക്കല്‍ സ്ലേറ്ററും മാത്രമാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. 74 റണ്‍സെടുത്ത ഓപ്പണിംഗ് കൂട്ടുകെട്ടിനെ ഹര്‍ബജന്‍ പിരിച്ചതോടെ ഓസ്ട്രേലിയയുടെ പതനത്തിന് തുടക്കമായി.
അടുത്ത വിക്കറ്റും വീഴ്ത്തിയത് ഹര്‍ബജനായിരുന്നു. 28 റണ്‍സെടുത്ത ലാംഗറെ ഹര്‍ബജന്റെ പന്തില്‍ ഗാംഗുലി പിടിച്ചു. 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്നാം വിക്കറ്റും വീണു. വെങ്കിടപതി രാജു എല്‍ബിഡബ്ല്യുവില്‍ കുടുക്കുമ്പോള്‍ മാര്‍ക്ക് വോ തന്റെ സ്കോര്‍ബോര്‍ഡ് തുറന്നിരുന്നില്ല.
തുടര്‍ന്ന് സന്ദിഗ്ധഘട്ടങ്ങളില്‍ എന്നും ടീമിന്റെ രക്ഷനായ ക്യാപ്റ്റന്‍ സ്റീവ് വോയാണ് ക്രീസിലെത്തിയത്. 23 റണ്‍സെടുക്കുമ്പോഴേക്കും വോ പുറത്തായി. ഹര്‍ബജന്‍ തന്നെയായിരുന്നു ഇന്ത്യക്ക് നിര്‍ണായകമായ സ്ട്രൈക്ക് സമ്മാനിച്ചത്.
തുടര്‍ന്നെത്തിയ റിക്കിപോണ്ടിംഗും അതേ ഓവറില്‍ പൂജ്യനായി പുറത്തായി. സച്ചിന്റെ അടുത്ത ഓവറില്‍ ആദം ഗില്‍ ക്രിസ്റും റണ്ണെടുക്കും മുമ്പ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അപ്പോഴും ഒരറ്റത്ത് പിടിച്ചുനില്‍ക്കുകയായിരുന്ന ഹെയ്ഡന്‍ സച്ചിന്റെ തന്നെ പന്തില്‍ പുറത്തായതോടെ ആസ്ട്രേലിയയുടെ പ്രതീക്ഷകള്‍ തകര്‍ന്ന മട്ടായി. ടീമിലെ നാലാമത്തെ പൂജ്യനായി ഷെയ്ന്‍ വോണും മടങ്ങി.
രാവിലെ നാലിന് 589 എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യക്ക് ത്രിബിള്‍ സെഞ്ച്വറി തികക്കാനാവുന്നതിനു മുമ്പ് ലക്ഷ്മണിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മഗ്ഗ്രാത്തിന്റെ പന്തില്‍ ഔട്ടാവുമ്പോള്‍ ലക്ഷ്മണ്‍ 281 റണ്‍സെടുത്തിരുന്നു.
നാല് റണ്‍സെടുക്കുമ്പോഴേക്കും തുടര്‍ന്നെത്തിയ മോംഗിയ പുറത്തായി. തുടര്‍ന്ന്180 റണ്‍സെടുത്ത ദ്രാവിഡ് റണ്ണൗട്ടായി.












Click it and Unblock the Notifications