ഐ ഗ്രൂപ്പിന് രണ്ട് സീറ്റ് കൂടി, പ്രശ്നം തീരും
തിരുവനന്തപുരം: സീറ്റ് നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരും. ഏപ്രില്‍ 13 വെള്ളിയാഴ്ച കെ കരുണാകരനുമായി ചര്‍ച്ചകള്‍ നടത്തിയ ഹൈക്കമാണ്ട് പ്രതിനിധികളായ ഗുലാം നബി ആസാദും മോട്ടിലാല്‍ വോറയും നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനമെടുക്കും.
ഒത്തുതീര്‍പ്പു ഫോര്‍മുല പ്രകാരം ഐ ഗ്രൂപ്പിന് രണ്ടു സീറ്റുകള്‍ കൂടി കിട്ടുമെന്നറിയുന്നു. ഹൈക്കമാണ്ട് തീരുമാനം ഐ ഗ്രൂപ്പിന് അനുകൂലമാകാനാണ് സാധ്യതയെന്ന് കെ മുരളീധരന്‍ എം പി വാര്‍ത്താലേഖകരോട് പറഞ്ഞു. ഹൈക്കമാണ്ടിന്റെ തീരുമാനം എന്തായിരുന്നാലും തങ്ങള്‍ അംഗീകരിക്കുമെന്നും മുരളി പറഞ്ഞു.
വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് കരുണാകരനോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഗുലാംനബി ആസാദും മോട്ടിലാല്‍ വോറയും ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി കേരളത്തില്‍ മാത്രമല്ല, മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും കരുണാകരന്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഹൈക്കമാണ്ട് പ്രതിനിധികള്‍ വ്യക്തമാക്കി.
പ്രശ്നം തീരുമെന്ന നിലയിലാണ് ചര്‍ച്ചകള്‍ക്കു ശേഷം പ്രതിപക്ഷനേതാവ് എ കെ ആന്റണിയും പ്രതികരിച്ചത്. താന്‍ ശുഭാപ്തിവിശ്വാസിയാണെന്നും പ്രശ്നം തീരുമെന്നാണ് തന്റെ വിശ്വാസമെന്നും ആന്റണി അറിയിച്ചു. കരുണാകരനുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രനേതാക്കള്‍ ആന്റണിയെയും കണ്ടിരുന്നു.
ഏറെ ആകാംക്ഷ നിറഞ്ഞ അന്തരീക്ഷത്തില്‍ കെ കരുണാകരന്റെ വസതിയില്‍ വച്ചായിരുന്നു ചര്‍ച്ച. കേന്ദ്രനേതാക്കള്‍ക്കു പുറമേ പി സി ചാക്കോ , തെന്നല ബാലകൃഷ്ണപിള്ള, കെ മുളീധരന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
ഇടയ്ക്ക് മുസ്ലീംലീഗ് നേതാക്കളായ ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ എല്ലാം വ്യക്തമായി എ ഐ സി സി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ചര്‍ച്ചകള്‍ക്കു ശേഷം അവര്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടതല്ലെന്ന് ഇതേക്കുറിച്ച് ചോദിച്ച വാര്‍ത്താലേഖകരോട് കെ മുരളീധരന്‍ പറഞ്ഞു. യു ഡി എഫിനെ ബാധിക്കുന്ന പ്രശ്നങ്ങളായതു കൊണ്ടാണ് അവര്‍ ചര്‍ച്ച നടത്തിയത്. ലീഗിന്റെ മനോഭാവത്തെ തെറ്റായി കാണരുതെന്നും മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗ് അന്ത്യശാസനം നല്‍കിയെന്നും മറ്റുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുരളി ചൂണ്ടിക്കാട്ടി.
തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവായ കരുണാകരനാകട്ടെ, ചര്‍ച്ചകള്‍ തികച്ചും സൗഹാര്‍ദ്ദപരമാണെന്നു മാത്രമേ വിശേഷിപ്പിച്ചുള്ളൂ. രാജി പിന്‍വലിച്ചോ എന്ന ചോദ്യത്തിന് കരുണാകരന്‍ വ്യക്തമായ ഉത്തരം നല്‍കിതുമില്ല.


Click it and Unblock the Notifications