തിരിച്ചറിയല്‍ കാര്‍ഡും പണയത്തില്‍വെക്കാം
വയനാട്: തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചുകഴിഞ്ഞെങ്കിലും വയനാട്ടിലെ ആദിവാസികളില്‍ പലരുടെയും കൈയില്‍ ഇപ്പോള്‍ കാര്‍ഡില്ല. അത് മറ്റാരുടെയോ കൈയിലാണ്. ഇപ്പോഴും അടുപ്പില്‍ തീ പുകയാന്‍ കടം വാങ്ങേണ്ടിവരുന്ന നിര്‍ധനരായ ആ സാധുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പണയം വെക്കാന്‍ മാത്രം വിലയുള്ളതാണെന്ന് മനസിലായത് തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ വേളയിലാണ്.
തങ്ങള്‍ക്ക് കിട്ടുമെന്നുറപ്പില്ലാത്ത വോട്ടുകളുടെ ലിസ്റ് മത്സരരംഗത്തുള്ള പ്രമുഖപാര്‍ട്ടികള്‍ നേരത്തെ തയ്യാറാക്കിവെച്ചിട്ടുണ്ട്. വോട്ടിനേക്കാള്‍ ഒരു നേരത്തെ ഭക്ഷണം പ്രധാനമെന്ന് കരുതുന്ന പട്ടിണിക്കാരുടെ കൈയില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് പണയത്തിന് വാങ്ങി പണം കൊടുക്കുന്നതിന് പാര്‍ട്ടിക്കാര്‍ രംഗത്തിറങ്ങികഴിഞ്ഞു.
പണമായി മാത്രമല്ല അരിയായും മറ്റ് അത്യാവശ്യസാധനങ്ങളായും തിരിച്ചറിയല്‍ കാര്‍ഡിന് വില നല്‍കുന്ന പതിവുമുണ്ട്. മുമ്പ് റേഷന്‍ കാര്‍ഡ് പണയത്തില്‍ വെച്ച് കടം വാങ്ങാറുള്ള ആദിവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന് റേഷന്‍ കാര്‍ഡിനേക്കാള്‍ വിലയുണ്ടെന്ന് മനസിലാവുന്നത് ഇപ്പോഴാണ്.
പണയത്തിന് വെച്ച തിരിച്ചറിയല്‍ കാര്‍ഡ് തിരിച്ചുകിട്ടുന്നതിന് വാങ്ങിയ കടം തിരിച്ചടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവര്‍ക്ക് കാശൊന്നും കൊടുക്കാതെ തന്നെ അത് തിരിച്ചുകിട്ടും. കാര്‍ഡിനൊപ്പം നൂറോ ഇരുന്നൂറോ വെച്ച്കൊടുക്കുകയും ചെയ്യും.
കള്ളും ചാരായവും വാങ്ങികൊടുത്ത് ആദിവാസികളെ വോട്ട് ചെയ്യിക്കുകയായിരുന്നു പഴയ പതിവെങ്കില്‍ അതിനേക്കാള്‍ സുരക്ഷിതമാണ് കാര്‍ഡ് വാങ്ങി തങ്ങളുടെ കൈയില്‍ വെക്കുന്നതെന്ന് എല്ലാ പാര്‍ട്ടിക്കാര്‍ക്കുമറിയാം. കള്ളും ചാരായവും വാങ്ങിക്കൊടുത്താലും വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് ഒരു തീര്‍ച്ചയുമില്ല. അപ്പോള്‍ പിന്നെ തങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്നുറപ്പില്ലാത്തവര്‍ വോട്ട് ചെയ്യില്ലെന്നുറപ്പുവരുത്തലാണ് ഭേദമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കാര്‍ഡ് പണയത്തില്‍ വാങ്ങാന്‍ പാര്‍ട്ടിക്കാര്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications