കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഇസിഎഫ് പദ്ധതി: ക്രമക്കേട് അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ഒഇസിഎഫ് കുടിവെള്ളപദ്ധതി ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി ടി.എം. ജേക്കബ്. അച്ചന്‍കോവില്‍ മണല്‍വാരല്‍ കേസ്, വിതുര പെണ്‍വാണിഭക്കേസ് എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു കേസിലും രേഖകള്‍ ഹാജരാക്കി നിയമസഭയില്‍ താന്‍ ആരോപണമുന്നയിച്ചതാണ്. അവ ശരിയാണോ തെറ്റാണോ എന്നെങ്കിലും തെളിയിക്കേണ്ടതുണ്ടെന്ന് ജേക്കബ് പറഞ്ഞു. ഒഇസിഎഫ് കണ്‍സള്‍ട്ടന്‍സി കേസിലെ വസ്തുതകള്‍ താന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. ഡിപ്പാര്‍ട്ട്മെന്റ് തലത്തിലുള്ള അന്വേഷണം കൊണ്ടുമാത്രം അഴിമതി പുറത്തുകൊണ്ടുവരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു സര്‍ക്കാരിന്റെയും ആവശ്യമില്ല. സ്വന്തം നിലയില്‍ താന്‍ സുപ്രിം കോടതി വരെ പോകും.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതില്‍ ക്രമക്കേടുണ്ടെന്ന് വകുപ്പ് മന്ത്രി തന്നെ സമ്മതിച്ചതാണ്. താന്‍ എജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോള്‍ മുന്‍ എജി കെ.ദാമോദരന്‍ ആരോപിക്കുന്നന്നത്. എജിയുടെ സ്ഥാപനമായ ദാമോദരന്‍ അസോഷ്യേറ്റ്സ് സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ വാദിക്കുകയും എജിയും അദ്ദേഹത്തിന്റെ ജൂനിയര്‍മാരും സര്‍ക്കാരിനു വേണ്ടി വാദിക്കുകയുമാണ് ചെയ്തിരുന്നത്.

70 കോടി രൂപ പാഴായി

മുന്‍സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 70 കോടി രൂപ പാഴാക്കിയതായി ജലസേചനമന്ത്രി ജേക്കബ് ആരോപിച്ചു. കേരളത്തിന്റ ഗ്രാമീണജലവിതരണ പദ്ധതിക്കായി അനുവദിച്ച 58 കോടി രൂപയും മൂവാറ്റുപുഴ ജലസേചന പദ്ധതിക്കായി അനുവദിച്ച 12 കോടി രൂപയുമാണ് ഇടതുസര്‍ക്കാര്‍ പാഴാക്കിയത്.

കല്ലട, പഴശി പദ്ധതികളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണ്ടിയിരിക്കുന്നു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും. കല്ലട പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കെട്ടിയ കനാലുകളിലൂടെ പോലും വെള്ളമൊഴുകുന്നില്ല.

തന്നോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മൂവാറ്റുപുഴ ജലസേചന പദ്ധതി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അഴിമതിയുണ്ടെന്ന് പറഞ്ഞ് വിജിലന്‍സിനെ കൊണ്ട് കേസെടുപ്പിച്ചു. പക്ഷേ ഒരു കേസും തെളിയിക്കാനായില്ല. കാലതാമവസും നഷ്ടവുമുണ്ടാക്കിയതിന് ഉത്തരവാദികളായവരെ കണ്ടുപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നദീതീരങ്ങളില്‍ താങ്ങുമതില്‍ നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 50 കോടി രൂപ ലഭിക്കാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. കടല്‍ഭിത്തി കെട്ടുന്നതിന് 200 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കും.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനുള്ള 400 കോടിയുടെ ലോകബാങ്ക് പദ്ധതി അനുമതിയുടെ അന്തിമഘട്ടത്തിലാണ്. രണ്ടു ജില്ലകളെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X