കെ പി സി സി പുന:സംഘടന ഉടനെ
തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) ഉടന്‍ പുന:സംഘടിപ്പിയ്ക്കും. അടുത്ത ആഴ്ചയോടെ പുനസം:ഘടന നടത്താന്‍ കഴിയുന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ടെന്ന് കെ പി സി സി വൃത്തങ്ങളില്‍ നിന്നറിയുന്നു.
സ്ഥാനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വയ്ക്കാനുള്ള ചര്‍ച്ചകള്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനും മറ്റ് മുതിര്‍ന്ന നേതാക്കളും തുടങ്ങിയിട്ടുണ്ട്. മുരളീധരന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുമായും ജി കാര്‍ത്തികേയനുമായി ചര്‍ച്ചകള്‍ നടത്തി.
പുന:സംഘടന ഏകകണ്ഠമായി നടത്തണമെന്ന് കെ മുരളീധരന് താത്പര്യമുണ്ട്. എല്ലാ ഗ്രൂപ്പുകള്‍ക്കും ഗ്രൂപ്പുകള്‍ക്കതീതമായി നില്‍ക്കുന്നവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ വ്യക്തമാക്കി.
കെ പി സി സി പുന:സംഘടിപ്പിച്ച ശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ അഴിച്ചുപണിയും. കോണ്‍ഗ്രസിനെ താഴേ തട്ടില്‍ മുതല്‍ ഉടനേ ശക്തിപ്പെടുത്തണമെന്ന അഭിപ്രായം എല്ലാ നേതാക്കള്‍ക്കുമുണ്ട്. യു ഡി എഫ് സര്‍ക്കാരിനെതിരേ സി പി എം നേതൃത്വത്തിലുള്ള പ്രതിപക്ഷം അഴിച്ചുവിട്ടേക്കാവുന്ന പ്രക്ഷോഭണങ്ങളെ പാര്‍ട്ടി തലത്തില്‍ ശക്തമായി നേരിടേണ്ടതുണ്ടെന്നും ഇതിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ സമ്മതിയ്ക്കുന്നു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കെ പി സി സി ഇടപെടില്ലെന്നും എന്നാല്‍, നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടി അഭിപ്രായം പറയുമെന്നും കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി തെറ്റുണ്ടെന്നു കണ്ടാല്‍ അത് ചൂണ്ടിക്കാട്ടി തിരുത്തിയ്ക്കാന്‍ ശ്രമിയ്ക്കും. സംഘടനയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നായിരിക്കും ഇത്തരം ഇടപെടലുകള്‍.
യു ഡി എഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ അഭിപ്രായം യു ഡി എഫ് യോഗങ്ങളിലും കെ പി സി സി പറയുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications