കാലവര്‍ഷം ഒട്ടേറെപേരെ മാറ്റിപാര്‍പ്പിച്ചു
തിരുവനന്തപുരം: കാലവര്‍ഷത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടേറെപേരെ മാറ്റി പാര്‍പ്പിച്ചു.തിരുവന്തപുരം ജില്ലയില്‍ ഇതുവരെ 174 പേരെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.
ജില്ലയിലൊട്ടാകെ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മലയോരപ്രദേശങ്ങളായ നെടുമങ്ങാട്, പൊന്മുടി, കിളിമാനൂര്‍, ബോണക്കാട് എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായ നാശമുണ്ടായത്.
ഇടുക്കിയില്‍ ചൊവാഴ്ച രണ്ടുതവണ കൂടി ഉരുള്‍പൊട്ടലുണ്ടായി. നേരത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മനോരമാ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന് വേണ്ടിയുള്ള തിരച്ചില്‍ ഫലവത്തായില്ല. അദ്ദേഹത്തിന്റെ ക്യാമറ മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ.
ഇടുക്കിയില്‍ അടുത്ത മൂന്നുദിവസത്തേക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ജൂലായ് 11 ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് 114 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ രണ്ടായിരത്തില്‍ പരം ആളുകളെ മാറ്റിപ്പാര്‍ച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ 106 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 100 വീടുകള്‍ പൂര്‍ണ്ണമായും 400 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നൂറില്‍പരം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും പന്തളം, തിരുവല്ല എന്നീ പ്രദേശങ്ങളില്‍ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ഇവിടെ ബസ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
കൊല്ലം ജില്ലയില്‍ 59 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 306 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് ജില്ലയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും 48 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജലനിരപ്പുയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ടു ലക്ഷം രൂപയുടെ നെല്‍കൃഷി വെള്ളത്തിനടിയിലായി.
മലപ്പുറം ജില്ലയില്‍ കടല്‍ഭിത്തി തകര്‍ന്നു. ഇവിടെ കടല്‍തീരത്തെ 30 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട് ജില്ലയില്‍ വെള്ളം കയറി അഞ്ച് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ വടകരയില്‍ കടലാക്രമണം രൂക്ഷമായി.
ജൂലായ് 10 ചൊവാഴ്ച വൈകുന്നേരം യോഗം ചേര്‍ന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്മെന്റ് ടീം സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി അറിയിച്ചു. 21 പേരടങ്ങുന്ന കരസേനയുടെ സംഘം ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. 28 അംഗ നാവികസേനയുടെ സംഘം ഇപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ ഹൈവേകളിലും മറ്റും രാത്രികാലത്തും പൊലീസ് സേവനം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന ഹൈവേയിലെ പല ഭാഗങ്ങളിലും കനത്ത മഴ മൂലം ഗതാഗത തടസമുണ്ടായിട്ടുണ്ട്.
യുദ്ധകാലാടിസ്ഥാനത്തില്‍ കേരളത്തില്‍ സഹായമെത്തിക്കാന്‍ കേന്ദ്രത്തിനോടാവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി കെ.എം. മാണി പറഞ്ഞു. കൂടുതല്‍ കേന്ദ്രസഹായവും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജിതമായി ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications