കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: 500 കോടി സമാഹരിക്കാന്‍ ലക്ഷ്യം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഊര്‍ജിതമായ നികുതി പിരിവിലൂടെ 500 കോടിയോളം രൂപ അധികമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റിലെ ഏതാണ്ട് എല്ലാവിധ വികസന നിര്‍ദേശങ്ങളും സ്വകാര്യമേഖലയുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നു. നികുത്തി അടിത്തറ വിപുലീകരിക്കുന്നതിലൂടെയുള്ള വരുമാനസമാഹരണത്തിനാണ് ബജറ്റ് നിര്‍ദ്ദേശിക്കുന്നത്.

മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്. വില്‍പ്പന നികുതി പിരിവ് ഊര്‍ജിതമാക്കി ഇത് നികത്താന്‍ ബജറ്റ് ലക്ഷ്യമിടുന്നു. ഇതിലൂടെ അഞ്ച് കോടി രൂപയാണ് അധികമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. വില്‍പ്പന നികുതി വെട്ടിപ്പ് തടയുന്നതിന് വില്‍പന നികുതി വകുപ്പ് കാര്യക്ഷമമാക്കും. വകുപ്പില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കും.

വിദേശമദ്യത്തിന്റെ നികുതി 90 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതിലൂടെ 74 കോടി രൂപ സമാഹരിക്കും. നേരത്തെ ഇത് 85 ശതമാനമായിരുന്നു. ഇതോടെ വിദേശമദ്യത്തിന് സംസ്ഥാനത്ത് വില വര്‍ധിക്കും. ബിയറിന്റെ നികുതി 55ല്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തും. ബാര്‍ ലൈസന്‍സ് ഫീസ് 13 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി ഉയര്‍ത്തും. ഇതിലൂടെ 9. 5 കോടി രൂപ സമാഹരിക്കും. ബാര്‍ഹോട്ടലിലെ വില്പന നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 10 ആയി ഉയര്‍ത്തും.

പട്ട് സാരിക്ക് നാല് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ അഞ്ച് കോടി രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.ബ്രാന്‍ഡ് നെയിമുള്ള റൊട്ടി, ബണ്‍ എന്നിവയ്ക്കും നാല് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ അഞ്ച് കോടി രൂപ സമാഹരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ ഇവയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നുവെന്നാണ് ധനമന്ത്രി ഇതിന് ന്യായീകരണമായി പ്രസംഗത്തില്‍ പറഞ്ഞത്.

കര്‍ഷകരെ ഒരു വര്‍ഷത്തേക്ക് കാര്‍ഷികാദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ എട്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. വിവിധ കുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 5,000 രൂപയില്‍ നിന്നും 25, 000 രൂപയായി വര്‍ധിപ്പിക്കും. ഇതിലൂടെ അഞ്ച് കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നികുതിവെട്ടിപ്പ് തടയാന്‍ വാണിജ്യവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തും. ആഡംബര നികുതി അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പലിശ ഈടാക്കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

വില്പന നികുതി ബാധ്യതയില്‍ നിന്ന് ഒട്ടേറെ വ്യാപാരികള്‍ ഒഴിഞ്ഞു നില്‍ക്കുന്നുണ്ടെന്നും അവരെ സൗഹാര്‍ദ്ദത്തിന്റെ പാതയിലൂടെ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ നിര്‍ബന്ധമായും റജിസ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കും. രണ്ട് ലക്ഷത്തില്‍ക്കൂടുതലുള്ളവര്‍ നികുതി അടയ്ക്കുകയും വേണം.

വില്പന നികുതി റജിസ്ട്രേഷന്‍ ഊര്‍ജിതപ്പെടുത്താന്‍ ഫാസ്റ് ട്രാക്ക് റജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പിലാക്കും. ഈ സമ്പ്രദായത്തില്‍ പിഴയോ കുടിശ്ശികയോ അടക്കേണ്ടതില്ല.

അന്യസംസ്ഥാനങ്ങളിലെ ലോട്ടറി വില്‍ക്കുന്നവര്‍ക്കായി പുതിയ നികുതി ഈടാക്കും. സമ്മാനത്തുകയുടെ തോതനുസരിച്ച് ഓരോ നറുക്കെടുപ്പിനും ഈ നികുതി ഈടാക്കുന്നതാണ്. ഇതിലൂടെ അഞ്ച് കോടി രൂപ അധികമായി വരുമാനമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ലേലത്തില്‍ വില്‍ക്കുന്ന കാപ്പിക്ക് നികുതി ഏര്‍പ്പെടുത്തും. കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ അച്ചടിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും നികുതി ഈടാക്കും. മെഡിക്കല്‍ കോളേജ് പ്രാക്ടീഷണര്‍മാര്‍ നല്‍കുന്ന സൗജന്യമരുന്നിന് നികുതിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X