എല്ലാ തരം തീവ്രവാദത്തിനെതിരെയും പോരാടും
ദില്ലി: എല്ലാ തരം തീവ്രവാദത്തിനെതിരെയും ആഗോളസഖ്യം ഒന്നിച്ചുനിന്ന് പോരാടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ശ്രീനഗറില്‍ നടന്നതു പോലുള്ള തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്കു മുന്നിലേക്ക് കൊണ്ടുവരുമെന്നും ബ്ലെയര്‍ പറഞ്ഞു.
ഇന്ത്യയിലെത്തിയ ടോണി ബ്ലെയര്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുമായി നടത്തിയ 35 മിനുട്ട് നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഒക്ടോബര്‍ ആറ് ശനിയാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനോടുള്ള അന്തര്‍ദേശീയ സമൂഹത്തിന്റെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് എല്ലാ തരം തീവ്രവാദത്തിനെതിരെയും പോരാടുമെന്ന് ബ്ലെയര്‍ പറഞ്ഞത്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനിടയില്‍ രാജ്യങ്ങള്‍ അവരുടേതായ തീവ്രവാദ അജണ്ട നിലനിര്‍ത്താന്‍ അനുവദിക്കില്ല.
ശ്രീനഗറില്‍ നടന്ന ബോംബ് ആക്രമണത്തിലൂടെ അനേകം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബ്ലെയര്‍ ദു:ഖം രേഖപ്പെടുത്തി. ഇത്തരം അക്രമങ്ങള്‍ ഒരു പരിഷ്കകൃത സമൂഹത്തിലുണ്ടാവാന്‍ പാടില്ല. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഇന്ത്യ ജാഗ്രത പാലിക്കണം.
തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ഒറ്റയ്ക്കായിരിക്കില്ലെന്നും തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധമാണ് നാം നടത്തുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി വാജ്പേയി പറഞ്ഞു.