കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദനമരമോഷണം: തുമ്പുകിട്ടാതെ പൊലീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നഗരത്തില്‍ ഈയിടെ നടന്ന ചന്ദനമരത്തടി മോഷണത്തിന് പിന്നിലുള്ളവരെപ്പറ്റി തുമ്പുകിട്ടാതെ പൊലീസ് വിഷമിക്കുന്നു. തമ്പാനൂരിനടുത്ത് രണ്ടു വീട്ടുവളപ്പുകളില്‍ നിന്നായി 40 വര്‍ഷത്തിലധികം പഴക്കമുള്ളരണ്ട് ചന്ദനമരങ്ങള്‍ നവമ്പര്‍ 19 തിങ്കളാഴ്ചയാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷ്ടാക്കള്‍ രണ്ടു മരങ്ങളും അതിവിദഗ്ധമായി അറുത്തുകൊണ്ടുപോയത്.

മരം അറുക്കുന്ന യാതൊരു ശബ്ദവും വീട്ടുകാര്‍ കേട്ടില്ല. ഇലക്ട്രിക് അറക്കവാളാണ് മോഷ്ടാക്കള്‍ ഉപയോഗിക്കുന്നതെന്ന് അന്വേഷണച്ചുമതലയുള്ള തമ്പാനൂര്‍ സിഐ വിമല്‍കുമാര്‍ പറഞ്ഞു. അതുകൊണ്ട് കടയോടെ മരം അറുത്തെടുക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിയുന്നു.

ഒരു വീട്ടില്‍ മരം താഴെവീണ് ശബ്ദമുണ്ടാകാതിരിക്കാന്‍ മൂന്നുതൂണുകളും മോഷ്ടാക്കള്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണത്തിന് ശേഷം പരിസരം മുഴുവന്‍ വൃത്തിയാക്കിയശേഷമാണ് മോഷ്ടാക്കള്‍ കടന്നുകളയുന്നത്. അതുകൊണ്ട് പൊലീസ് നായക്കള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

രണ്ടു ദിവസം മുമ്പ് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് വളപ്പില്‍ നിന്നും ചന്ദനത്തടി മോഷണം പോയിരുന്നു. ഇവിടെയും മരം അടിയോടെ അറുത്തെടുത്തിരിക്കുകയാണ്. ഇലക്ട്രിക് അറക്കവാള്‍ ഉപയോഗിച്ചാണ് ചന്ദനമരം അറത്തെടുത്തത്. ഈ കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിന് ഇതുവരെയും മോഷണത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം മൃഗശാല, യൂണിവേഴ്സിറ്റി കോളെജ് വളപ്പ്, ഗവണ്‍മെന്റ് വിമന്‍സ് കോളെജ് വളപ്പ്, രാജ്ഭവന്‍ വളപ്പ്, നഗരത്തിലെ ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വളപ്പ് എന്നിവിടങ്ങളില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഈ മോഷണങ്ങളുടെ പിന്നിലുള്ളവരെയും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മോഷണം നടത്തിയ ചന്ദനത്തടികള്‍ ഇടത്തട്ടുകാരിലൂടെ കരകൗശലവസ്തുക്കളുണ്ടാക്കുന്നവരുടെ അടുത്തേക്കാണ് പോകുന്നത്. തടിയുടെ ചിലഭാഗങ്ങള്‍, പ്രത്യേകിച്ചും തൊലിയും മറ്റും, ഔഷധച്ചെടികള്‍ വില്ക്കുന്ന കടകളിലേക്ക് പോകും. നവമ്പര്‍ ഡിസംബര്‍ മാസങ്ങളിലാണ് മോഷണം വ്യാപകം. കാരണം ഈ സമയത്താണ് വിദേശികള്‍ കൂടുതലായി കേരളത്തിലെത്തുന്നത്. ചന്ദനത്തില്‍ തീര്‍ത്ത കരകൗശലവസ്തുക്കളോട് വിദേശികള്‍ക്ക് അമിതതാല്പര്യം ഉള്ളതിനാല്‍ നല്ല വില കിട്ടും. ചന്ദനമോഷ്ടാക്കള്‍ ചന്ദനമരങ്ങള്‍ക്കുവേണ്ടി പകല്‍ നഗരം മുഴുവന്‍ തിരച്ചില്‍ നടത്തും. കൊള്ളാവുന്ന ചന്ദനമരങ്ങള്‍ ഉണ്ടെന്നു കണ്ടാല്‍ അവര്‍ രാത്രിയില്‍ അത് മുറിച്ചുകടത്തുകയാണ് പതിവ്. - പൊലീസ് പറയുന്നു.

നഗരത്തിലെ കോളെജ് കാമ്പസുകളില്‍ മുറിച്ചുകടത്തിയ ചന്ദനമരങ്ങളുടെ കുറ്റികള്‍ ധാരാളമായി കണ്ടിട്ടുണ്ടെന്ന് മരസ്നേഹികളുടെ സംഘടനാസെക്രട്ടറി സി.കെ. കരുണാകരന്‍ പറയുന്നു. ചന്ദനത്തൈലമുണ്ടാക്കാനും ചന്ദനമരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.

1000 കിലോഗ്രാം ചന്ദനക്കാതലിന് നാലുലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വിലകിട്ടും. രാജ്ഭവനിലും കവടിയാര്‍ കൊട്ടാരത്തിലുമുള്ള ചന്ദനമരങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X