കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് മുരളിയെ തളളിപ്പറയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കെ. മുരളീധരനെ ഐ ഗ്രൂപ്പ് തളളിപ്പറഞ്ഞു. മുരളിയുടെ അഭിപ്രായങ്ങള്‍ ഐഗ്രൂപ്പിന്റേതായി കണക്കാക്കേണ്ടെന്ന് ഗ്രൂപ്പ് പരസ്യമായി പ്രസ്താവിച്ചു. കരുണാകരനെ എതിര്‍ക്കാനും ഒറ്റപ്പെടുത്താനുമുളള ഏതു ശ്രമത്തെയും ചെറുത്തു തോല്‍പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മുരളിയുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. കരുണാകരന്റെ സഹായത്താല്‍ പദവികള്‍ നേടിയവര്‍ തല മറന്ന് എണ്ണതേയ്ക്കരുതെന്ന് യോഗം മുന്നറിയിപ്പു നല്‍കി. കരുണാകരന്റെ ജഗതിയിലുളള വീട്ടിലാണ് യോഗം ചേര്‍ന്നത്.

കരുണാകരന്‍ ഒരു വ്യക്തിയല്ലെന്നും ഒരു പ്രസ്ഥാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുളളടത്തോളം അഭിപ്രായങ്ങള്‍ പരസ്യമായി പറയും.

ജീവനക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ യോഗം വിമര്‍ശിച്ചു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനു മുമ്പ് അവരുമായി കൂടിയാലോചന നടത്തേണ്ടിയിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോഴിക്കോഴയെക്കുറിച്ചുളള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അന്വേഷണം നടത്തണം. സര്‍ക്കാരിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കഷ്ടപ്പെടുന്ന പ്രവര്‍ത്തകരുടെ വികാരം ഐഗ്രൂപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്യും.

സര്‍ക്കാരിന്റെ നടപടികളോട് വിട്ടു വീഴ്ചയില്ലാതെ പൊരുതാന്‍ തന്നെയാണ് ഐഗ്രൂപ്പിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ നല്ല പിളളയാകാന്‍ ശ്രമിക്കുന്ന മുരളീധരനെ പരസ്യമായി വിമര്‍ശിക്കാന്‍ യോഗത്തില്‍ പ്രസംഗിച്ചവര്‍ തയ്യാറായി. ചെറുക്കാന്‍ കരുണാകരന്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. പദവികള്‍ നോക്കാതെ സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച യോഗം മുരളിയുടെ കല്‍പനകള്‍ക്ക് തങ്ങള്‍ പുല്ലു വിലയാണ് കല്‍പിക്കുന്നതെന്ന് പറയാതെ പറഞ്ഞു. തല മറന്ന് എണ്ണ തേയ്ക്കരുതെന്ന പരസ്യപ്രസ്താവനയും കെപിസിസി പ്രസിഡന്റിനെ ലക്ഷ്യം വച്ചാണ്.

കരുണാകരന്റെ നടപടികളെ കഴിഞ്ഞ ദിവസം മുരളി പരസ്യമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കരുണാകരന്റെ വലംകൈകളായ വി.എസ്. ശിവകുമാറും ശരത്ചന്ദ്ര പ്രസാദും കഴിഞ്ഞ കാലങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തയച്ചത്. കരുണാകരന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം കൂടി പങ്കെടുത്ത ഗ്രൂപ്പു യോഗം കടുത്ത തീരുമാനങ്ങളെടുത്തിരിക്കുന്നത്. പ്രവര്‍ത്തകരുടെ വികാരം ജ്വലിപ്പിച്ച് ആന്റണിയ്ക്കെതിരെ അണിനിരത്താനാണ് കരുണാകരന്‍ ലക്ഷ്യമിടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X