ആന്റിഗ്വയില്‍ ഇനി ടെസ്റ് വേണോ?
ആന്റിഗ്വ: സുലഭമായി റണ്ണൊഴുകുന്ന ആന്റിഗ്വയിലെ പിച്ചില്‍ ഇനി ടെസ്റ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യമുയര്‍ത്തി ഇന്ത്യ-വെസ്റിന്‍ഡീസ് നാലാം ടെസ്റ് സമനിലയില്‍ അവസാനിച്ചു. ഏകദിനങ്ങള്‍ മാത്രം ഇനി ഈ പിച്ചില്‍ നടത്തിയാല്‍ മതിയെന്ന ക്രിക്കറ്റ് വിദഗ്ധരുടെ ആവശ്യം ഇതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.
അഞ്ചുദിവസം നീണ്ട പോരാട്ടത്തില്‍ ഇവിടെ ആയിരത്തില്‍ പരം റണ്ണുകളാണൊഴുകിയത്. പക്ഷെ ഇരുടീമുകള്‍ക്കും ആദ്യഇന്നിംഗ്സ് ബാറ്റ് ചെയ്യാനേ സാധിച്ചുള്ളൂ. ടെസ്റ് പോരാട്ടം കാണാന്‍ ഇവിടെ ടിക്കറ്റെടുത്ത് കയറിയ കാണികള്‍ വിരസമായ ഈ മാച്ച് കണ്ട് അക്രമാസക്താരാകാതിരുന്നത് ഭാഗ്യം! അഞ്ചാംദിവസം കളിനിര്‍ത്തുമ്പോള്‍ ചന്ദര്‍പോള്‍ 136 റണ്‍സോടെയും കഫി റണ്ണൊന്നുമെടുക്കാതെയും ബാറ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ ആദ്യഇന്നിംഗ്സ് സ്കോറായ 529 റണ്‍സിനെതിരെ വെസ്റിന്‍ഡീസ് ഒമ്പതുവിക്കറ്റിന് 629 റണ്‍സെടുത്തു. വിരസമായിരുന്നു ആന്റിഗ്വയിലെ ഈ ടെസ്റ്. ഇരുടീമുകളിലെയും അഞ്ച് ബാറ്റ്സ്മാന്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറികളാണ് കളിയ്ക്ക് അല്പമെങ്കിലും മിഴിവേകിയത്. ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്മണും രത്രയും സെഞ്ച്വറി നേടിയപ്പോള്‍ വെസ്റിന്‍ഡീസിന് വേണ്ടി കാള്‍ഹൂപ്പര്‍, ചന്ദര്‍പോള്‍, ജേക്കബ്സ് എന്നിവരും സെഞ്ച്വറികള്‍ നേടി.
റിഡ്ലി ജേക്കബ്സിന്റെ സെഞ്ച്വറിയായിരുന്നു അഞ്ചാംദിവസത്തെ കളിയുടെ പ്രത്യേകത. വെറും 172 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും അഞ്ച് സിക്സറുകളോടെയുമാണ് ജേക്കബ്സ് സെഞ്ച്വറി തികച്ചത്.
കളി സമനിലയില്‍ അവസാനിക്കുമെന്ന് ഇരുടീമുകള്‍ക്കും ഉറപ്പായതിനാല്‍ കളിക്കാര്‍ പരമാവധി അലസമായി കളിക്കുന്നതില്‍ മത്സരിക്കുകയും ചെയ്തു. ഇന്ത്യയുടെ 11 കളിക്കാരും ബൗള്‍ ചെയ്തു എന്നതാണ് കളിയുടെ മറ്റൊരു സവിശേഷത. ദ്രാവിഡും ജാഫറും ലക്ഷ്മണും അവരുടെ ടെസ്റ് ചരിത്രത്തിലെ ആദ്യവിക്കറ്റുകളും ചൊവാഴ്ച നേടി.
റണ്ണുകളൊഴുകുന്ന ആന്റിഗ്വയിലെ പിച്ചില്‍ സച്ചിനും ലാറയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടലുകള്‍ തെറ്റിയത് ആരാധകരെ നിരാശയിലാഴ്ത്തി. സച്ചിന്‍ പൂജ്യനായും ലാറ നാലു റണ്‍സുമെടുത്ത് ക്രീസിലേക്ക് മടങ്ങുകയായിരുന്നു.
അനില്‍ കുംബ്ലെ പരിക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. കവിളെല്ലു തകര്‍ന്ന അദ്ദേഹത്തിന് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ ശസ്ത്രക്രിയ നടത്തും. തകര്‍ന്ന താടിയെല്ലുമായി 14 ഓവര്‍ പന്തെറിഞ്ഞ കുംബ്ലെയുടെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു.
ആദ്യ ടെസ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്രയാണ് മാന്‍ ഓഫ് ദിമാച്ച്. ഇനി അഞ്ചാംടെസ്റ് ജമൈക്കയിലെ സബീന പാര്‍ക്ക് സ്റേഡിയത്തില്‍ നടക്കും.