ഇന്ത്യയെ നേരിടാന്‍ തയ്യാര്‍ : പാകിസ്ഥാന്‍
ഇസ്ലാമബാദ്: ഇന്ത്യയുടെ ഏത് ആക്രമണത്തെയും നേരിടാന്‍ പാകിസ്ഥാന്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് പാകിസ്ഥാന്‍ പ്രതിരോധ വക്താവ് ജനറല്‍ ഖുറേഷി പറഞ്ഞു. പാകിസ്ഥാനോട് ഒരു തുറന്ന യുദ്ധത്തിന് ഇന്ത്യ ഒരുങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനെതിരെ തുറന്നയുദ്ധത്തിന് പുറപ്പെടുംമുമ്പ് ഇന്ത്യ നൂറുവട്ടമെങ്കിലും ആലോചിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഒരു തുറന്നയുദ്ധം പ്രതീക്ഷിക്കുന്നില്ലെങ്കിലും പാക്അധിനിവേശ കശ്മീരില്‍ ഇന്ത്യ ആക്രമണം നടത്തിയേക്കാം.
അതിര്‍ത്തിയിലെ സ്ഥിതിവിശേഷം വഷളാക്കിയത് ഇന്ത്യ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന പീരങ്കി ഉപയോഗിച്ചുള്ള വെടിവയ്പ് തുടങ്ങിവച്ചത് ഇന്ത്യയാണ്. പീരങ്കി ഉപയോഗിച്ച് ശനിയാഴ്ച രാവിലെയാണ് ഇന്ത്യ വെടിവയ്പ് തുടങ്ങിയത്. സാധാരണത്തേതിനേക്കാള്‍ കനത്ത ഷെല്ലാക്രമണവും ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടായി - അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ ഹൈകമ്മീഷണറെ തിരിച്ചയക്കാന്‍ തീരുമാനിച്ചതുവഴി സ്ഥിതിവിശേഷം കൂടുതല്‍ വഷളാക്കിയതും ഇന്ത്യയാണ്. ജമ്മു ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ കൈകളുണ്ടെന്ന ഇന്ത്യയുടെ ആരോപണം ശുദ്ധഅസംബന്ധമാണ്. ആക്രമണസ്ഥലത്ത് നിന്നും മെയ്ഡ് ഇന്‍ പാകിസ്ഥാന്‍ (പാകിസ്ഥാനില്‍ നിര്‍മ്മിച്ചത്) എന്നെഴുതിയ ചോക്കലേറ്റ് പൊതിഞ്ഞ കടലാസ് കിട്ടിയെന്നാണ് ഇന്ത്യ ഇതിന് തെളിവായി പറയുന്നത്. പക്ഷെ ഇതിനെ എങ്ങിനെ ഒരു പ്രധാനതെളിവായി എടുക്കാന്‍ കഴിയും?- ഖുറേഷി ചോദിച്ചു.