മദ്യ നികുതി : സര്‍ക്കാരിന് കോടികളുടെ നഷ്ടം
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഏര്‍പ്പെടുത്തിയ ടേണ്‍ ഓവര്‍ ടാക്സ് ഫലത്തില്‍ സര്‍ക്കാരിന് വിനയായി.
ടാക്സ് ബാധകമായതു മുതല്‍ ഡിസ്റിലറികള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ബിവറേജസ് കോര്‍പറേഷന്‍ വഴിയുളള മദ്യവില്‍പന ഗണ്യമായി കുറഞ്ഞു. സര്‍ക്കാരിനുണ്ടായത് കോടികളുടെ നഷ്ടം.
2001 ജൂലായ് 23 മുതലാണ് പരിഷ്ക്കരിച്ച നികുതി ഏര്‍പ്പെടുത്തിയത്. അടിസ്ഥാന വിലയില്‍ അഞ്ചു ശതമാനവും എക്സൈസ് തീരുവയില്‍ അഞ്ചു ശതമാനവുമാണ് ടേണ്‍ ഓവര്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. വില്‍പനയ്ക്കനുസരിച്ച് നികുതിയും വര്‍ദ്ധിയ്ക്കും.
ഇതുമൂലം 2001 സെപ്തംബറില്‍ 35 കോടിയുടെയും ഒക്ടോബറില്‍ 39 കോടിയുടെയും നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. 2001 ആഗസ്റിലെക്കാള്‍ 22 ശതമാനം കുറവാണ് നവംബറിലുണ്ടായതെന്ന് കേരളാ ഡിസ്റ്ലേഴ്സ് ആന്റ് ബോട്ടിലേഴ്സ് ഫെഡറേഷന്‍പ്രസിഡന്റ് പി. എന്‍. കെ. ഉണ്ണി ചൂണ്ടിക്കാട്ടുന്നു.
ബീയര്‍ വില്‍പനയിലും ഈ സ്ഥിതിയുണ്ടാകുമെന്ന് ഉണ്ണി മുന്നറിയിപ്പു നല്‍കി. കളളുഷാപ്പുകള്‍ പൂട്ടിയതിനു ശേഷം ബീയര്‍ വില്‍പനയില്‍ ചെറിയ വര്‍ദ്ധനയുണ്ടായതാണ്.
കേരളത്തിലെ മദ്യ നിര്‍മ്മാതാക്കള്‍ ഒട്ടേറെ പ്രതിസന്ധികളെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാജ ചാരായം സുലഭമാണ്. ഇതു മൂലം അംഗീകൃത മദ്യവ്യാപാരികള്‍ക്ക് വില്‍പന കുറഞ്ഞു വരുന്നു. കൂടാതെ മദ്യ നിര്‍മ്മാതാക്കളുടെ ലാഭവിഹിതവും താരതമ്യേന കുറവാണ്. കഴിഞ്ഞ നാലു വര്‍ഷമായി ബിവറേജസ് കോര്‍പറേഷന്‍ മദ്യവില പുതുക്കിയിട്ടില്ലെന്ന് ഉണ്ണി പറഞ്ഞു.
അതേസമയം മദ്യ നിര്‍മ്മാണത്തിനുളള സ്പിരിട്ടിന്റെ വിലയില്‍ ലിറ്ററിന് നാലു രൂപ കൂടിയിട്ടുണ്ട്. ഇതു മൂലം ഒരു കെയ്സിന്റെ നിര്‍മ്മാണച്ചെലവ് 16 രൂപ വര്‍ദ്ധിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ ടേണ്‍ ഓവര്‍ ടാക്സ് പിന്‍വലിക്കുകയാണ് ഏക പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.