കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിളേളരെ പിടിത്തത്തിന് അടവുകള്‍ പതിനെട്ടും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സ്ക്കൂളുകള്‍ പൂട്ടലിന്റെയും അദ്ധ്യാപകര്‍ പിരിച്ചുവിടലിന്റെയും ഭീഷണി നേരിടുമ്പോള്‍ പിളളാരെ പിടിക്കാന്‍ ഏത് അടവും ഉപയോഗിക്കാം. ജീവന്മരണ പോരാട്ടമാകുമ്പോള്‍ അവിടെ ധാര്‍മ്മികതയൊന്നും പ്രശ്നമേയല്ല.

പല സ്ക്കൂളുകളും കുട്ടികളെ പിടിയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളറിയുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ വാ പൊളിച്ചു നില്‍ക്കുകയാണ് ജനം. വഴിവാണിഭക്കാരെ വെല്ലുന്ന അടവുകളും പരസ്യവാചകങ്ങളും ഒരു സരസ്വതീ കേന്ദ്രത്തില്‍ നിന്നുയരുമ്പോള്‍ അമ്പരക്കാതെന്തു ചെയ്യും?

സാധാരണ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം വന്ന ശേഷമാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങുന്നതെന്നാണ് നാം ധരിച്ചിരിക്കുന്നത്. എന്നാല്‍ ചങ്ങനാശേരിയിലെ ഒരു സ്ക്കൂള്‍ ഇക്കുറി ആ പതിവ് തെറ്റിയ്ക്കാന്‍ തീരുമാനിച്ചു. മോഡല്‍ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അവര്‍ പ്രവേശനം നല്‍കി ക്ലാസും തുടങ്ങി.

യഥാര്‍ത്ഥ പരീക്ഷയുടെ ഫലം വരുന്നതു വരെ കാത്തിരുന്നാല്‍ കുട്ടികളെ മറ്റാരെങ്കിലും കൊണ്ടു പോയാലോ? അതുകൊണ്ട് തൊട്ടടുത്ത സ്ക്കൂളുകളില്‍ നിന്നൊക്കെ മോഡല്‍ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കു നേടിയവരെ വലവീശി.

തലശേരിയിലെ പന്ന്യന്നൂര്‍ ചൊക്ലി സ്ക്കൂളില്‍ സര്‍വം സൗജന്യമയമാണ്. യൂണിഫോം, കുട, ബാഗ് എന്നിവയ്ക്കൊന്നും രക്ഷിതാവ് കാശു മുടക്കേണ്ട. ആകെ ചെയ്യേണ്ടത് കുട്ടിയെ ഈ സ്ക്കൂളിലാക്കുക എന്നതാണ്. ബാക്കി ചെലവ് സ്ക്കൂളിന്റെ വക.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആറ്റുനോറ്റിരുന്നു കിട്ടിയ ജോലി സംരക്ഷിയ്ക്കാന്‍ ജൂനിയര്‍മാരായ അദ്ധ്യാപകരും സ്ക്കൂളിലെ പൂട്ടലില്‍ നിന്നും രക്ഷിയ്ക്കാന്‍ മാനേജ്മെന്റും അന്തിമ പോരാട്ടത്തിലാണ്. ഇതില്‍ പരാജയപ്പെട്ടാല്‍....അത് പലര്‍ക്കും ആലോചിക്കാന്‍ പോലുമാവില്ല.

ഡിവിഷന്‍ ഫാള്‍ എന്ന വാളാണ് സ്ക്കൂളുകളുടെയും അദ്ധ്യാപകരുടെയും തലയ്ക്കു മീതേ തൂങ്ങുന്നത്. പ്രൊട്ടക്ഷന്‍ നല്‍കി അദ്ധ്യാപകരെ നിലനിര്‍ത്താന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ വളരെ മുമ്പേ പ്രഖ്യാപിച്ചിരുന്നതുമാണ്.

സമീപ പ്രദേശങ്ങളിലെ ട്യൂട്ടോറിയല്‍ കോളെജുകളില്‍ നിന്നും കുട്ടികളെ എത്തിച്ചാണ് പരിശോധനാ വേളയില്‍ സ്ക്കൂളുകള്‍ ഡിവിഷന്‍ തികച്ചിരുന്നത്. ഇപ്പോഴും വ്യാപകമായി അരങ്ങേറുന്ന പരിപാടിയാണ് ഇത്.

ഇതോടെ കാര്യങ്ങളുടെ നിയന്ത്രണം രക്ഷിതാക്കളുടെ കൈകളിലായ അവസ്ഥയാണ് പലേടത്തും വന്നു ചേര്‍ന്നിരിക്കുന്നത്. വിലപേശലിന് പലരും മടിച്ചു നില്‍ക്കുന്നില്ല. അധികമായി നല്‍കാന്‍ നിങ്ങളുടെ കൈകയിലെന്തുണ്ട് എന്ന അസല്‍ ഉപഭോക്താവിന്റെ ചോദ്യം രക്ഷിതാക്കള്‍ ആവേശത്തോടെ മുന്നോട്ടു വയ്ക്കുന്നു.

രക്ഷിതാക്കളുടെ ആവശ്യമനുസരിച്ച് പഠന സൗകര്യവും നിലവാരവും വര്‍ദ്ധിപ്പിയ്ക്കാന്‍ സ്ക്കൂള്‍ അധികൃതരും അദ്ധ്യാപകരും തയ്യാറാവേണ്ടി വരുന്നു. കൂടാതെ സൗജന്യ കമ്പ്യൂട്ടര്‍ പഠനം, പ്രത്യേക ഇംഗ്ലീഷ് പരിശീലനം, സ്ക്കൂളുകളിലേയ്ക്ക് സൗജന്യ യാത്രാ സൗകര്യം, കുട്ടികള്‍ക്കാവശ്യമായ സകല പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭ്യമാക്കല്‍...ഇങ്ങനെ പല തന്ത്രങ്ങളും പയറ്റിയാലേ കുട്ടികളെ കിട്ടൂ എന്നതാണ് പല സ്ക്കൂളുകളിലെയും അവസ്ഥ.

തൃശൂരിലെ അരൂര്‍ സ്ക്കൂള്‍ പൂട്ടല്‍ ഭീഷണിയിലാണ്. കുട്ടികളെ സ്ക്കൂളിലെത്തിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും അതിനപ്പുറവും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍ പൂഴിക്കടകന്‍ തന്നെ പയറ്റാന്‍ അദ്ധ്യാപകര്‍ തയ്യാറായി. പി. എഫ് വായ്പയെടുത്ത് ബസ് വാങ്ങാനായിരുന്നു അവരുടെ തീരുമാനം. കുട്ടികളെ എവിടുന്നായാലും സൗജന്യമായി സ്ക്കൂളിലെത്തിക്കുകയും തിരിച്ചു കൊണ്ടു വിടുകയും ചെയ്യും!

പത്തനംതിട്ടയിലെ മല്ലപ്പളളിയില്‍ ഒരു സ്ക്കൂളിലെ പി.ടി.എ കടുത്ത ഓഫറാണ് നല്‍കുന്നത്. ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി വീടുവച്ചു കൊടുക്കും! ഈ ഭഗീരഥ യജ്ഞത്തില്‍ പി. ടി. എയുടെ കൈകോര്‍ക്കാന്‍ സോഷ്യല്‍ സര്‍വീസ് ലീഗും ഉണ്ട്.

കണ്ണൂരില്‍ സ്ഥിതി പരമ്പരാഗത ശൈലിയില്‍ തന്നെയാണ്. ടി. സി. തട്ടിപ്പറിയ്ക്കല്‍ വരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നറിയുമ്പോള്‍ അമ്പരക്കാതിരിക്കുക.

കേരളത്തിലെ വിദ്യാഭ്യാസ രംഗം കൊടും മത്സരത്തിന്റെ ചൂടിലാണ്. കുട്ടികളെ കിട്ടാന്‍ എന്ത് അഭ്യാസത്തിനും മുതിരുന്ന അവസ്ഥ. കാര്യങ്ങള്‍ അങ്ങനെ രക്ഷിതാക്കളുടെ കൈകളിലേയ്ക്കെത്തുകയാണ്. മിക്ക സര്‍ക്കാര്‍ - എയ്ഡഡ് സ്ക്കൂളുകളുടെയും നിലവാരം ഉയരാന്‍ ഇതൊരു നിമിത്തമായേക്കാം.

പഠിപ്പിക്കാത്ത അദ്ധ്യാപകരും സൗകര്യങ്ങളില്ലാത്ത സ്ക്കൂളുകളും ഉപേക്ഷിയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നു. ഖജനാവില്‍ നിന്നും കാശു ചെലവാക്കി സ്ക്കൂളുകളെ എങ്ങനെയെങ്കിലും നിലനിര്‍ത്താനും സര്‍ക്കാരിനും താല്‍പര്യമില്ല. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റത്തിന് ഈ തീരുമാനം പ്രേരകമായെങ്കില്‍ എന്നാശിക്കുയാണ് വിദ്യാഭ്യാസ സ്നേഹികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X