കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേബിള്‍ വാടക : പ്രതിഷേധം വ്യാപകമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജൂണ്‍ ഒന്നു മുതല്‍ കേബിള്‍ ടി. വി.യുടെ വരിസംഖ്യ കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

വര്‍ദ്ധനവിന് കാരണക്കാരായി ചാനലുകളും കേബിള്‍ ശൃംഖലകളും പരസ്പരം പഴിചാരുകയാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് തങ്ങളുടെ വരിസംഖ്യ പ്രതിമാസം 180 രൂപയില്‍ നിന്നും 230 രൂപയായി കൂട്ടി. സിറ്റി കേബിളും 125 രൂപയില്‍ നിന്നും 180 രൂപയായി നിരക്ക് കൂട്ടിയിട്ടുണ്ട്.

ഒറ്റയടിയ്ക്ക് 50 രൂപയോളം രൂപ കൂട്ടിയതിനെതിരെയാണ് പ്രതിഷേധം. നിരക്കു കൂട്ടി കേബിള്‍ ശൃംഖലക്കാര്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുമ്പോള്‍ ചാര്‍ജ് വര്‍ദ്ധനയുടെ കാരണം ചാനലുകളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് കേബിളുകാര്‍.

സ്റാര്‍ ഗ്രൂപ്പ് കഴിഞ്ഞജനവരിയില്‍ ഏഴു പേ ചാനലുകല്‍ക്ക് വരിസംഖ്യ 28.50 രൂപയില്‍ നിന്നും 41.50 രൂപയാക്കി. ഇഎസ്പിഎന്‍-സ്റാര്‍ സ്പോര്‍ട്ട്സ് 16 രൂപ 24 രൂപയാക്കി. എന്നാല്‍ ഈ വര്‍ദ്ധന ഉപഭോക്താക്കളെ ബാധിച്ചിട്ടില്ലെന്ന് കേബിള്‍ ഉടമകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി പേചാനലുകള്‍ തങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. സീയും സോണി ടിവിയും തങ്ങളുടെ ചാര്‍ജ് ഏപ്രില്‍ ഒന്നു മുതല്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതാണ് ഇപ്പോഴുളള വരിസംഖ്യാ വര്‍ദ്ധനയ്ക്ക് കാരണമായി പറയുന്നത്.

സോണിയുടെ ആറു ചാനലുകള്‍ക്ക് 40 രൂപയും സീയുടെ 18 ചാനലുകള്‍ക്ക് 42.50 രൂപയുമാണ് ഏപ്രില്‍ ഒന്നു മുതല്‍ ഈടാക്കിത്തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ വരിസംഖ്യ വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് സിറ്റി കേബിള്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച്. രാമചന്ദ്രന്‍ പറയുന്നു.

കേരളത്തിലെ കേബിള്‍ രാജാക്കന്മാരായ ഏഷ്യാനെറ്റ് സാറ്റ്കോമിന് ആകെ അഞ്ചു ലക്ഷം കണക്ഷനുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 50 കേന്ദ്രങ്ങളിലായാണ് ഇത്. തിരുവനന്തപുരത്തു മാത്രം ഏഷ്യാനെറ്റിന് ഒരു ലക്ഷം വരിക്കാരുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിയ്ക്കുന്ന സിറ്റി കേബിളിന് 70,000 കണക്ഷനുകളുണ്ട്.

ഏഷ്യാനെറ്റ് നേരിട്ട് കണക്ഷന്‍ നല്‍കുമ്പോള്‍ പ്രാദേശിക കേബിള്‍ ഉടമകള്‍ വഴിയാണ് സിറ്റി കേബിള്‍ കണക്ഷന്‍ നല്‍കുന്നത്.

2000 ത്തില്‍ ഒരു വരിക്കാരന്‍ എല്ലാ പേ ചാനലുകള്‍ക്കുമായി 30 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് 160 രൂപ നല്‍കേണ്ടി വരുന്നു. താരതമ്യേനെ തുച്ഛമായ നിരക്കിന് ഗുണനിലവാരമുളള പരിപാടികള്‍ കാണാന്‍ ഉപഭോക്താവിന് നേരത്തെ കഴിയുമായിരുന്നു. എന്നാല്‍ ചാനലുകള്‍ ഇന്ന് വിലപേശുകയാണ്, ഏഷ്യാനെറ്റ് സാറ്റ്കോം സീനിയര്‍ ജനറല്‍ മാനേജര്‍ എസ്. രാജീവ് പറയുന്നു.

ഇന്ന് ലഭ്യമാകുന്ന 70 ചാനലുകളില്‍ 25 എണ്ണം പേചാനലുകളാണ്. എന്നാല്‍ മിക്കവാറും പ്രേക്ഷകര്‍ ഇവയില്‍ വിരലിലെണ്ണാവുന്നവയേ കാണുന്നുളളൂ. കാണാത്ത ചാനലിനും കൂടി പ്രതിഫലം നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് അവര്‍.

ചാനല്‍ ഉടമകളാണ് ഇവിടെ കുറ്റക്കാര്‍. ഒന്നിലധികം ചാനലുകള്‍ കൂട്ടിക്കെട്ടി ഒരു പാക്കേജായാണ് അവര്‍ കേബിള്‍ ഉടമകള്‍ക്കു നല്‍കുന്നത്. ഉദാഹരണത്തിന് ഡിസ്ക്കവറി ചാനല്‍ ലഭിക്കണമെങ്കില്‍ സോണിയുടെ പേ ചാനലുകളടങ്ങിയ ഒരു പാക്കേജ് മുഴുവന്‍ വാങ്ങണം. ആക്ഷന്‍ ചാനല്‍, സിഎന്‍ബിസി മുതലായ പേ ചാനലുകള്‍ക്കൊപ്പമാണ് ഡിസ്ക്കവറിയും ലഭിക്കുന്നത്.

അതായത് ഡിസ്ക്കവറി ചാനല്‍ കാണണമെങ്കില്‍ ഉപഭോക്താവ് ആക്ഷന്‍ ചാനലിനും സിഎന്‍ബിസിയ്ക്കും വരിസംഖ്യ നല്‍കണമെന്നര്‍ത്ഥം. അപൂര്‍വം പ്രേക്ഷകര്‍ മാത്രമുളള ചാനലുകളാണ് ഇവ രണ്ടും.

എന്നാല്‍ കേബിള്‍ ഉടമകള്‍ക്ക് ഈ ഒരു ചാനല്‍ മാത്രം വാങ്ങുന്നത് ലാഭകരവുമല്ല. സ്റാര്‍ ശൃംഖലയിലുളള ഒരു ചാനലിന് 36 രൂപ നല്‍കണം. എന്നാല്‍ ഏഴെണ്ണം അടങ്ങിയ പാക്കറ്റിന് 40 രൂപയേ ആകുന്നുളളൂവെന്ന് രാജീവ് ചൂണ്ടിക്കാണിക്കുന്നു.

ചാനലുകള്‍ക്ക് പറയാനുളള കഥ മറ്റൊന്നാണ്. ആകെ വരിക്കാരുടെ 20 ശതമാനം മാത്രമേ തങ്ങള്‍ക്ക് കിട്ടുന്നുളളൂ എന്നാണ് അവരുടെ പരാതി. ആകെ എത്ര വരിക്കാരുണ്ടെന്നതിന് ഒരു കേബിള്‍ ഉടമയും സത്യസന്ധമായ കണക്കു നല്‍കാറില്ലത്രേ!

വരിക്കാരുടെ എണ്ണം കുറച്ചു കാണിക്കുന്ന പ്രാദേശിക കേബിള്‍ ശൃംഖലകളെ നിയന്ത്രിയ്ക്കാനാണ് പേ ചാനലിന്റെ വരിസംഖ്യ ഉയര്‍ത്താന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റിംഗ് ഫെഡറേഷന്‍ തീരുമാനിച്ചത്. അപ്പോഴും കേബിള്‍ ഉടമകള്‍ കാണിക്കുന്ന തരികിടയ്ക്ക് തങ്ങള്‍ പിഴയടയ്ക്കുന്നതെന്തിന് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് പ്രസക്തി നഷ്ടപ്പെടുന്നില്ല.

യഥാര്‍ത്ഥത്തില്‍ ചാര്‍ജു വര്‍ദ്ധന ഇവിടം കൊണ്ടും തീരുന്നില്ല. കേബിള്‍ കണക്ഷനുളളവര്‍ പ്രതിമാസം 360 രൂപ നല്‍കേണ്ടി വരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചാനലുകളും കേബിള്‍ ഉടമകളും സര്‍ക്കാരുമായി ഇതു സംബന്ധിച്ച ധാരണയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

കണ്ടീഷണല്‍ അക്സെസ് സിസ്റം (സി. എ. എസ്.) നടപ്പാകുന്നതോടെ കാണുന്ന ചാനലിന് മാത്രം വാടക നല്‍കുക എന്ന പ്രേക്ഷകരുടെ ആവശ്യം അംഗീകരിക്കപ്പെടും. എന്നാല്‍ സൗജന്യ ചാനലുകള്‍ക്കും അതോടൊപ്പം ഒരു നിശ്ചിത തുക നല്‍കേണ്ടി വരും.

കേബിള്‍ ശൃംഖലാ നിയന്ത്രണ ബില്ലില്‍ ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം നടപ്പാകുന്നതോടെ കേബിള്‍ പ്രേക്ഷകരുടെ പരാതികള്‍ പരിഹരിക്കപ്പെടുമെന്ന് കരുതാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X