എന്‍എസ്എസും എസ്എന്‍ഡിപിയും അടുക്കുന്നു
കൊച്ചി: മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും സംവരണവും സംബന്ധിച്ച് വിരുദ്ധചേരികളില്‍ നില്‍ക്കുകയാണെങ്കിലും എന്‍ എസ് എസും എസ് എന്‍ ഡി പിയും അടുക്കുന്നുവെന്ന് സൂചന.
ഇരു സംഘടനകളുടെയും നേതൃത്വങ്ങള്‍ ഈയിടെ നടത്തിയ പ്രസ്താവനകളില്‍ മുഴച്ചുനില്‍ക്കുന്നത് ഇരുവരും ഐക്യപ്പെടാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സൂചനയാണ്. ഇരുസംഘടനകളും അടുക്കുകയാണെങ്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന ഐക്യപ്പെടലാവും അത്.
എന്‍ എസ് എസിന്റെ ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ എസ് എന്‍ ഡി പിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ളതായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷമതങ്ങളെ പ്രീണിപ്പിക്കുന്ന നടപടികള്‍ തുടരുകയാണെങ്കില്‍ എസ് എന്‍ ഡി പിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാന്‍ മടിയില്ലെന്ന് പി. കെ. നാരായണപ്പണിക്കര്‍ പ്രസംഗത്തില്‍ പറഞ്ഞു.
എന്‍ എസ് എസിന്റെ മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ ഈ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കി. പിന്നോക്ക സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എസ് എന്‍ ഡി പി നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖപ്രസംഗം പ്രകീര്‍ത്തിക്കുന്നു.
കേരളത്തിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമായത് എസ് എന്‍ ഡി പിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. എന്‍ എസ് എസ് പോലുള്ള സാമുദായിക സംഘടനകളുടെ രൂപീകരണത്തിന് എസ് എന്‍ ഡി പി പ്രചോദനമായിരുന്നുവെന്നാണ് മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെടുന്നത്.
എന്‍ എസ് എസിന്റെ നിലപാടിന് അനുകൂലമായ പ്രതികരണമാണ് എസ് എന്‍ ഡി പിയില്‍ നിന്നുണ്ടായത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും മുന്‍കാലങ്ങളില്‍ ഒന്നിച്ചുനിന്നിരുന്നുവെന്നും മന്നത്ത് പത്മനാഭന്‍ എസ് എന്‍ ഡി പി നേതൃത്വത്തോടൊപ്പം പൊതുപ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നുവെന്നും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
നാരായണപ്പണിക്കരെ വിശദമായ ചര്‍ച്ചയ്ക്ക് എസ് എന്‍ ഡി പി നേതൃത്വം ക്ഷണിക്കുമെന്നാണ് അറിയുന്നത്.