കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ വായ്പകള്‍ക്ക് പ്രിയമേറുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പകള്‍ക്ക് സംസ്ഥാനത്ത് പ്രിയം വര്‍ദ്ധിയ്ക്കുന്നു.

വിദ്യാഭ്യാസ ലോണുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും ഉത്സാഹമാണ്. എളുപ്പം തിരിച്ചു പിടിക്കാവുന്ന ലോണുകളുടെ പട്ടികയിലാണ് വിദ്യാഭ്യാസ ലോണിന് സ്ഥാനം. ഈ പട്ടികയില്‍ വേറെയുളളത് ഭവന വായ്പ മാത്രം.

രണ്ടു വര്‍ഷം മുമ്പു വരെ വളരെ ചെറിയ ശതമാനം ആളുകളാണ് വിദ്യാഭ്യാസ ലോണുകള്‍ എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിവര്‍ഷം ഇവരുടെ എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. വിദേശ രാജ്യങ്ങളിലെ പഠനം ഇടത്തരക്കാര്‍ക്കും യാഥാര്‍ത്ഥ്യമാക്കിയതും വിദ്യാഭ്യാസ ലോണുകളാണ്.

കോഴ്സ് കഴിഞ്ഞു മാത്രം തിരിച്ചടച്ചാല്‍ മതിയെന്നതാണ് ഈ ലോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. തൊഴില്‍ സാധ്യതയുളള ഒട്ടേറെ കോഴ്സുകള്‍ ഇപ്പോഴുളളതിനാല്‍ പഠന സമയത്തു തന്നെ പലപ്പോഴും മിടുക്കന്മാര്‍ക്ക് ജോലികിട്ടും. കുട്ടികള്‍ക്കു തന്നെ പലപ്പോഴും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയും.

പൊതുമേഖലാ ബാങ്കുകളായ എസ്. ബി. ഐ., എസ്. ബി. ടി., കാനാറാ ബാങ്ക് എന്നിവരാണ് പ്രധാനമായും വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നത്. സ്വകാര്യ ബാങ്കുകളും ഇപ്പോള്‍ ഇത്തരം ലോണുകള്‍ നല്‍കുന്നു.

നാലു ലക്ഷം വരെയുളള ലോണുകള്‍ക്ക് 11.50 ശതമാനമാണ് പലിശ. നാലു ലക്ഷത്തിനു മുകളില്‍ 12.50 ശതമാനവും. ഫെഡറല്‍ ബാങ്ക് പലിശ അല്‍പം കൂടുതലാണ്. നാലു ലക്ഷം വരെ അവര്‍ 12.75 ശതമാനം ഈടാക്കും. അതിനു മുകളില്‍ 14.75 ശതമാനവും. 10 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന പരിധി.

വിദേശത്ത് പഠിക്കാനും ലോണിന് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് എസ്. ബി. ഐ വൃത്തങ്ങള്‍ പറയുന്നു.

50 പേര്‍ക്കാണ് വിദേശത്തു പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം എറണാകുളം ശാഖ ലോണ്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 30നും 40നും ഇടയ്ക്കായിരുന്നു. ആകെ വിതരണം ചെയ്ത 200 ലോണുകളില്‍ 50 വിദേശ പഠിതാക്കള്‍ക്കാണ്. ഏറെപ്പേരും മെഡിസിന്‍ മോഹങ്ങളുമായി അമേരിക്കയിലേയ്ക്കാണ് പോയത്.

നാല് ലക്ഷം വരെയുളള ലോണുകളെടുക്കുന്നത് അന്യസംസ്ഥാനങ്ങളിലെ പേമെന്റ് സീറ്റുകള്‍ ലഭിക്കാനാണ്.

വിദേശത്തു പോകുന്നവര്‍ക്ക് മെഡിസിനാണ് ഡിമാന്റ്. നാട്ടില്‍ എഞ്ചിനീയറിംഗിനും. ഏത് അംഗീകൃത സര്‍വകലാശാല നടത്തുന്ന കോഴ്സിനും ലോണ്‍ കിട്ടും.

നാലു ലക്ഷം രൂപ വരെയുളള ലോണ്‍ കിട്ടാന്‍ ആള്‍ ജാമ്യം മതി. അതിനു മുകളില്‍ വസ്തുവോ മറ്റോ ഈട് നല്‍കണം.

പുതുതായി ആരംഭിക്കുന്ന സ്വകാര്യ ബാങ്കുകളും വിദ്യാഭ്യാസ ലോണ്‍ അനുവദിക്കുന്നതില്‍ പിശുക്കു കാണിക്കുന്നില്ല. ഏറ്റവും മികച്ച വിദ്യാഭ്യാസം നേടാനുളള വര്‍ദ്ധിച്ചു വരുന്ന തിരക്കും മികച്ച വിദ്യാഭ്യാസം വെറുതേ കിട്ടാത്തതും ബാങ്കുകളും വിദ്യയും തമ്മിലുളള ബന്ധം ഉറപ്പിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X