കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ക്കൂളുകളില്‍ ഐടി പഠനം ഈ വര്‍ഷമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന്റെ സ്വപ്ന പദ്ധതിയായ ഐടി അറ്റ് സ്ക്കൂള്‍ ഈ വര്‍ഷം സഫലമാകില്ലെന്നുറപ്പായി.

വിവരസാങ്കേതിക വിദ്യ സംസ്ഥാനത്തെ 2,500 സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പാഠ്യവിഷയമാക്കാനുളള പദ്ധതിയാണ് ഐടി അറ്റ് സ്ക്കൂള്‍. എന്നാല്‍ പാഠ പുസ്തകങ്ങള്‍ ഇതുവരെ അച്ചടിക്കാത്തതും അവശ്യവിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഡിസ്ക്കുകള്‍ തയ്യാറാകാത്തതും പദ്ധതി വൈകിക്കാന്‍ കാരണമായി.

2,500 സ്ക്കൂളുകളില്‍ എട്ടാം ക്ലാസില്‍ ഐടി പാഠ്യവിഷയമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഇത് ഒമ്പത്, 10 ക്ലാസുകളിലേയ്ക്ക് ദീര്‍ഘിപ്പിക്കും.

എട്ടാം ക്ലാസിലേയ്ക്കു വേണ്ട പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് എസ് ഇ ആര്‍ ടിയാണ്. വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യുകയും ചെയ്തു. എന്നാല്‍ മൂന്നു ലക്ഷം പുസ്തകങ്ങള്‍ വേണ്ടിടത്ത് വെറും 12,00 എണ്ണം മാത്രമാണ് അച്ചടിച്ചത്.

ശേഷിയ്ക്കുന്നവ എന്ന് അച്ചടിച്ചു തീരുമെന്നോ എപ്പോള്‍ വിതരണം ചെയ്യുമെന്നോ അധികാരികള്‍ക്ക് ഒരു പിടിയുമില്ല. കൂടുതല്‍ പഠനസഹായികള്‍ സ്ക്കൂളില്‍ വിതരണം ചെയ്യുമെന്നാണ് പുസ്തകത്തിന്റെ അവതാരികയില്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.

അവശ്യവിവരങ്ങളടങ്ങിയ സിഡിയാണ് ഈ പഠനോപകരണങ്ങള്‍. ഇത് എന്നു കിട്ടുമെന്ന കാര്യത്തിലും ആര്‍ക്കും ഉറപ്പില്ല.

സിഡി തയ്യാറാക്കാനുളള ചുമതല ഇതുവരെ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നറിയുമ്പോഴാണ് സ്വപ്ന പദ്ധതിയില്‍ സര്‍ക്കാരിനുളള താല്‍പര്യം മനസിലാകുന്നത്. ഏജന്‍സിയെ എത്രവേഗം കണ്ടെത്തി ചുമതല ഏല്‍പ്പിച്ചാലും സിഡി തയ്യാറാക്കാന്‍ ഏറ്റവും കുറഞ്ഞത് ആറുമാസം വേണ്ടി വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അപ്പോഴേയ്ക്കും അധ്യയന വര്‍ഷത്തിന്റെ പകുതി കഴിയും.

എസ് സി ഇ ആര്‍ ടിയില്‍ വേണ്ടത്ര ഉദ്യോഗസ്ഥരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതും പദ്ധതി വൈകാന്‍ കാരണമായി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ പരിശീലനത്തില്‍ നിന്നും വിട്ടു നിന്നതിനും പിഴ മൂളുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെ. ധൃതി പിടിച്ച് പദ്ധതി നടപ്പിലാക്കിയാലും വിദഗ്ദ്ധരായ അധ്യാപകരില്ലെന്നതും സര്‍ക്കാരിനെ കുഴയ്ക്കുന്നു.

പരിശീലന പദ്ധതിയില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമല്ലാത്തതിനാല്‍ അധ്യാപക പ്രാതിനിധ്യം നന്നേ കുറവായിരുന്നു. താല്‍പര്യത്തോടെ പങ്കെടുത്തവര്‍ക്കു തന്നെ തങ്ങളെ നിയോഗിച്ചിരിക്കുന്ന സ്ക്കൂളുകളില്‍ പഠിപ്പിക്കാനാവുമോ എന്ന് സംശയിക്കുന്നു. പദ്ധതി നടപ്പാകാതെ പഠിപ്പിക്കുന്നതെങ്ങനെ?

സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയും സാറിന്റെ കുപ്പായമിട്ടാല്‍ പിന്നെയൊന്നും പഠിക്കേണ്ടെന്ന ധാര്‍ഷ്ട്യം അഭിമാനമായി കരുതുന്ന ഒരു പറ്റം അധ്യാപകരും ചേര്‍ന്ന് ഈ വര്‍ഷത്തേയ്ക്കെങ്കിലും ഐടി അറ്റ് സ്ക്കൂള്‍പദ്ധതിയെ കുഴിച്ചു മൂടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X