കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖാ വിവാദം വഴിത്തിരിവില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മന്ത്രി തോമസിനെതിരെ വ്യാജ രേഖ ചമച്ചതിനു പിന്നില്‍ ശോഭനാ ജോര്‍ജ് എംഎല്‍എ ആണെന്ന ആരോപണം കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറിയ്ക്ക് വഴിയൊരുക്കുന്നു.

കുറേക്കാലമായി തനിക്കെതിരെ നടക്കുന്ന ക്രൂരമായ സ്വഭാവഹത്യയുടെ ഒടുവിലത്തെ ശ്രമമാണ് ഈ കേസെന്ന് ശോഭനാ ജോര്‍ജ് ആരോപിക്കുന്നു. മന്ത്രി തോമസ് പോലും പ്രതിയുടെ വാക്കുകളാണ് വിശ്വസിക്കുന്നതെന്നാണ് അവരുടെ പരാതി.

എന്നാല്‍ കത്ത് സംപ്രേക്ഷണം ചെയ്യപ്പെട്ടതിനു പിന്നില്‍ ശോഭനയ്ക്ക് വ്യക്തമായ കൈയുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതായി അറിയുന്നു. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഈ സംഭവത്തില്‍ പങ്കുണ്ടത്രേ. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

അനില്‍ നമ്പ്യാര്‍ പൊലീസിന് നല്‍കിയ മൊഴിയിലും ശോഭനയ്ക്കെതിരെ വ്യക്തമായ ആരോപണമുണ്ട്. ഡിവൈഎസ്പിയാണെന്ന് സ്വയം ഫോണില്‍ പരിചയപ്പെടുത്തിയ ഒരാളാണ് ആദ്യം രേഖയെ സംബന്ധിച്ച് ആദ്യം അനില്‍ നമ്പ്യാരെ അറിയിക്കുന്നത്. അതിന് തൊട്ടടുത്ത ദിവസം എംഎല്‍എ ക്യാന്റീനില്‍ വച്ച് അനില്‍ നമ്പ്യാരെ കണ്ട ശോഭന തന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഡിവൈഎസ്പി ഫോണ്‍ ചെയ്തതെന്ന് പറഞ്ഞത്രേ.

ആന്റണി സര്‍ക്കാരിന്റെ പ്രതിഛായയ്ക്കേറ്റ വന്‍തിരിച്ചടിയാണ് ഈ സംഭവം. സമഗ്രമായ അന്വേഷണത്തില്‍ ഉന്നതന്‍മാര്‍ പലരും കുടുങ്ങും എന്ന് തീര്‍ച്ചയാണ്. അതിനാല്‍ കേസ് അനില്‍ നമ്പ്യാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്റെ സംശയം. വ്യാജ രേഖയുടെ നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മന്ത്രിയെ അധോലോക റാക്കറ്റുമായി ബന്ധപ്പെടുത്താന്‍ ഭരണകക്ഷി എംഎല്‍എയുടെ നേതൃത്വത്തില്‍ വ്യാജ രേഖ ചമച്ചു എന്ന ആരോപണവും രണ്ടു മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതും സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജനാധിപത്യ സ്വഭാവത്തിന് തെളിവായി ഈ സംഭവങ്ങളെ മുഖ്യമന്ത്രിയ്ക്ക് എത്രകാലം ന്യായീകരിക്കാനാവും എന്നും ചോദ്യമുയരുന്നു.

പൊലീസ് ഭരണത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട ് ശോഭന നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് പ്രതികാരമായി എ ഗ്രൂപ്പ് ആസൂത്രണം ചെയ്തതാണോ ഈ ആരോപണമെന്നും സംശയമുണ്ട്. ഐ ഗ്രൂപ്പിനുളളില്‍ നില്‍ക്കുന്ന അസംതൃപ്തി മുതലെടുക്കാന്‍ അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്യപ്പെട്ടതാണ് വ്യാജരേഖാ വിവാദമെന്ന് ഗ്രൂപ്പിനുളളിലെ ചിലര്‍ സംശയിക്കുന്നു.

കെ. വി. തോമസിന്റെ ഗ്രൂപ്പുമാറ്റം സുഗമമാക്കാനും ഐ ഗ്രൂപ്പിനെ വെറും പത്മജ ഗ്രൂപ്പായി ചുരുക്കാനും നടത്തിയ കളിയാണ് ഈ വിവാദമെന്ന് ശോഭനയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. ഒരു വ്യാജ രേഖയുടെ ആയുസെത്ര എന്ന് അറിയാവുന്നവരാരും മന്ത്രിയെ പുറത്താക്കാന്‍ ഇത്തരമൊരു രേഖ ചമച്ച് മാധ്യമങ്ങള്‍ക്ക് നല്‍കില്ല. രേഖയുടെ സത്യാവസ്ഥ തെളിയിച്ച് തോമസിനെ സഹതാപ തരംഗത്തില്‍ മുക്കി എ ഗ്രൂപ്പിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്യിക്കുന്നതിനൊപ്പം എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ സംഘമെന്ന് ഐ ഗ്രൂപ്പിനെ വരുത്തിത്തീര്‍ക്കാനും ഈ വിവാദം ഉപകരിക്കുമെന്ന് കരുതിയവരുടെ അതിബുദ്ധിയാണ് വ്യാജ രേഖാ വിവാദം എന്ന് ശോഭനയുടെ പക്ഷം വാദിക്കുന്നു.

കോണ്‍ഗ്രസിനകത്ത് വരും നാളുകളില്‍ ഈ വിവാദം കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തന്നെ അറസ്റു ചെയ്താല്‍ പലതും സംഭവിക്കുമെന്ന് ശോഭന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ എ. കെ. ആന്റണി മുന്‍കൈയെടുക്കുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X