ബസ് കത്തിക്കല്‍: പിഡിപി പ്രവര്‍ത്തകന്‍ അറസ്റില്‍
കോഴിക്കോട്: കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സ്റാന്റില്‍ തമിഴ്നാട്ട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച കേസില്‍ പി ഡി പി പ്രവര്‍ത്തകന്‍ അറസ്റിലായി.
മടവൂര്‍ മട്ടാഞ്ചേരി വെങ്ങപ്പൊറ്റ ശംസു എന്ന ശംസുദ്ദീനെ (30)യാണ് നോര്‍ത്ത് അസിസ്റന്റ് കമ്മിഷണര്‍ കെ. ശ്രീനിവാസന്‍ അറസ്റ് ചെയ്തത്. പി ഡി പി ജില്ലാ ട്രഷറര്‍ നൗഷാദ് തിക്കോടിയുടെ നിര്‍ദേശ പ്രകാരമാണ് ബസ് കത്തിച്ചതെന്ന് ശംസുദ്ദീന്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. നൗഷാദ് ഇപ്പോള്‍ തമിഴ്നാട് പൊലീസിന്റെ കസ്റഡിയിലാണ്.
ഡിസംബര്‍ 28ന് ബസ് കത്തിക്കാന്‍ നൗഷാദ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്മാറുകയായിരുന്നത്രെ. 29ന് വൈകീട്ട് ആറ് മണിയോടെ നൗഷാദും ശംസുവും ബസ് സ്റാന്റിലെത്തി ബസ് കത്തിക്കുകയായിരുന്നു.
അതിനിടെ കോയമ്പൂത്തൂരിലും കേരളത്തിലും ഈയിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റിലായ കാക്കനാട് ഓലിമുകള്‍ മോളത്തുവീട്ടില്‍ ഷബീറിന് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു.
1998ല്‍ കോയമ്പത്തൂരില്‍ നടന്ന സ്ഫോടന പരമ്പരയ്ക്ക് ബോംബ് എത്തിച്ചത് ഷബീറാണെന്ന് തമിഴ്നാട് പശ്ചിമമേഖല ഐ ജി നരീന്ദര്‍പാല്‍സിംഗ്, സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച അല്‍ ഉമ്മ തീവ്രവാദി ഇമാം അലിക്ക് കഴിഞ്ഞ ജൂണില്‍ ഷബീര്‍ അഭയം നല്‍കിയിരുന്നു. അല്‍ ഉമ്മയ്ക്ക് ഷബീര്‍ ബോംബ് വിതരണം ചെയ്തതായും തെളിവ് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications