സോണിയയ്ക്ക് വിദേശപണം: അന്വേഷിക്കുന്നു
ദില്ലി: സോണിയാ ഗാന്ധി റഷ്യന്‍ രഹസ്യപ്പൊലീസായ കെജിബിയുടെ ഫണ്ടില്‍ നിന്നും പണം പറ്റിയിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കുന്നു. ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയാണ് ഈ ആരോപണം ഉന്നയിച്ചത്.
ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് വിവരമറിയിക്കാന്‍ സിബിഐയ്ക്ക് ദില്ലി ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഒരു പത്രവാര്‍ത്തയുടെയും ഇന്റര്‍നെറ്റില്‍ നിന്നെടുത്ത വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും ഇത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.കെ. സൂദ് കോടതിയോട് ആവശ്യപ്പെട്ടു.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രഥമവിവരറിപ്പോര്‍ട്ട് പോലും എടുത്തിട്ടില്ലെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ പരാതിപ്പെട്ടു. എന്നാല്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തുന്ന പരാതിയിന്മേല്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ആവശ്യമില്ലെന്ന് കെ.കെ. സൂദ് അറിയിച്ചു. ഇക്കാര്യം സിബിഐ അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിവരം അറിയിക്കാന്‍ ഒടുവില്‍ കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications