മാറാട്ടുനിന്ന് മറിയംബിയുടെ കുടുബവും മടങ്ങി
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഓടിപ്പോയ കുടുംബങ്ങളെ പുനരധവസിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൂര്‍ണമായും പരാജയമായി. മാറാട്ടെ വീട്ടില്‍ പുനരധിവസിപ്പിച്ചിരുന്ന ഏക കുടുംബവും ജൂണ്‍ 29 ഞായറാഴ്ച രാത്രി മടങ്ങി.
രണ്ടു കുടുംബങ്ങളെയാണ് പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ മാറാട്ടേക്ക് ജൂണ്‍ 25 ബുധനാഴ്ച കൊണ്ടുവന്നത്. അരയസമാജം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇതില്‍ ഒരു കുടുംബം പിറ്റേന്ന് തന്നെ മടങ്ങിപ്പോയിരുന്നു. അവശേഷിക്കുന്ന മറിയംബിയുടെ കുടുംബത്തെ അരയസമാജം പ്രവര്‍ത്തകരായ സ്ത്രീകള്‍ കയ്യേറ്റം ചെയ്യുമെന്ന നിലയിലായപ്പോഴാണ് അധികൃതര്‍ ഇവരെ തിരിച്ചുകൊണ്ടുപോയത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ഇരുനൂറ്റമ്പതോളം സ്ത്രീകള്‍ പ്രതിഷേധവുമായി മറിയംബിയുടെ വീടിനടുത്തെത്തി. വീടിന് ചുറ്റും പൊലീസുകാരുടെ ശക്തമായ സുരക്ഷാവലയമുണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ ഇവരുമായി ഏറ്റുമുട്ടി വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുമെന്ന സ്ഥിതിയായി. അപ്പോള്‍ തിരിച്ചുപോവണമെന്ന് മറിയംബി ആവശ്യപ്പെട്ടു. നേരത്തെയും തിരിച്ചുപോവണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് മറിയംബിയെയും കുടുംബത്തെയും ചാലിയത്തെ ബന്ധുവീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ആര്‍ ഡി ഒയുമായി സംസാരിച്ചതിനെ തുടര്‍ന്ന് അരയസമാജം പ്രവര്‍ത്തകര്‍ പിന്‍വാങ്ങി.
കഴിഞ്ഞ അഞ്ച് ദിവസവും നൂറ്റമ്പതോളം പൊലീസുകാരും അമ്പതോളം റവന്യു ഉദ്യോഗസ്ഥരും മറിയംബിയുടെ വീടിന് ചുറ്റും 24 മണിക്കൂറും കാവലായിരുന്നു. വീട്ടിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും അസുഖം ബാധിച്ചവര്‍ക്ക് മരുന്നും അധികൃതര്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തിരിച്ചുപോവാനാണ് ആഗ്രഹമെങ്കില്‍ മാറാട്ടെ കുടുംബത്തെ അതിന് അനുവദിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു.
സമാധാനശ്രമങ്ങളുടെ ഭാഗമായി ജൂലൈ അഞ്ചിന് വിവിധ രാഷ്ട്ര്രീയ, മത സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഉപസമിതി യോഗത്തില്‍ അരയസമാജം നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ തങ്ങളെ ഔദ്യോഗികമായി ക്ഷണിക്കാഞ്ഞതിനാനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അരയസമാജം നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications