കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ വെള്ളം മോഷ്ടിയ്ക്കാന്‍ അഞ്ച് അണക്കെട്ടുകള്‍

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തിനുള്ളില്‍ നിന്നും ഒഴുകിയെത്തുന്ന ജലം സംഭരിക്കാന്‍ വേണ്ടിമാത്രം കര്‍ണാടകത്തില്‍ അഞ്ച് അണക്കെട്ടുകള്‍ പണിതിട്ടുണ്ട്. ബീച്ചനഹള്ളിയിലെ കബനി റിസര്‍വോയര്‍, താര്‍ക്ക, സാഗരഡൊഡേക്കര, നൂഗു, അപ്പന്‍നൂഗു എന്നിവിടങ്ങളിലാണ് ഡാമുകളുള്ളത്.

ഇവയെല്ലാം അതിര്‍ത്തിയിലെ ഒരൊറ്റ താലൂക്കിലാണ്. ഹെഗ്ഡെ ദേവന്‍കോട്ട (എച്ച്.ഡി. കോട്ട) താലൂക്കില്‍. കേരളത്തില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമേയുള്ളു ഇവിടേക്ക്.

സാഗരഡൊഡേക്കര, നൂഗു എന്നിവിടങ്ങളിലെ ജലസംഭരണികളില്‍ ജലത്തിന്റെ അളവുകുറഞ്ഞപ്പോഴാണ് ഏറെ ജലസമ്പത്തുള്ള കബനീനദിയില്‍ കര്‍ണാടകത്തിന്റെ ശ്രദ്ധപതിഞ്ഞത്. കബനീനദി ബീച്ചനഹള്ളിയില്‍ തടഞ്ഞുനിര്‍ത്തി സാഗരഡൊഡേക്കര, നൂഗു എന്നീ അണക്കെട്ടുകളിലേക്ക് ജലമെത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍, പ്രതീക്ഷകള്‍ക്കപ്പുറം കേരളത്തില്‍നിന്നും കര്‍ണാടക ഡാമുകളിലേക്ക് ജലം ഒഴുകിയെത്തുന്നെന്നു മനസ്സിലാക്കിയ കര്‍ണാടക അധികൃതര്‍ ഏതാനും വര്‍ഷം മുമ്പ് താര്‍ക്ക ഡാമിലേക്കുകൂടി ബീച്ചനഹള്ളിയില്‍നിന്നും ജലം എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കി.

2003 ജൂലൈ മാസം മുതല്‍ താര്‍ക്കയിലേക്ക് വെള്ളം പമ്പുചെയ്യുവാനും തുടങ്ങി. ബീച്ചനഹള്ളി ഡാമിലേക്ക് ജലം ഒഴുകിയെത്തുന്നതിനുള്ള വൃഷ്ടി പ്രദേശമായി കാണിച്ചിരിക്കുന്ന 2141.9 ചതുരശ്ര കിലോമീറ്ററിന്റെ ഭൂരിഭാഗവും വയനാടാണ്. 552.7 ഘനമീറ്റര്‍ (19.52 ടി.എം.സി) സംഭരണശേഷിയാണ് കബനി റിസര്‍വോയറിനുള്ളതെന്നാണ് ഡാം നിര്‍മിക്കുമ്പോഴുണ്ടായിരുന്ന കണക്കെങ്കിലും ഇതിന്റെ അഞ്ചിരട്ടി ശേഷിയുണ്ട്.

കര്‍ണാടകത്തിന്റെ കണക്കുകള്‍പ്രകാരംതന്നെ 59.29 ടി.എം.സി. അടി വെള്ളം അവരുടെ ഡാമുകളില്‍ ശേഖരിച്ചുവെക്കുന്നു. ഇവയില്‍ 95 ശതമാനവും കേരളത്തില്‍നിന്നും ഒഴുകിയെത്തുന്നതാണ്. കാവേരി നദീജല ട്രിബ്യൂണലിന്റെ തീരുമാനപ്രകാരം ബീച്ചനഹള്ളി ഡാമില്‍നിന്നും 0.8 ടി.എം.സി. അടി വെള്ളം തമിഴ്നാടിന് നല്‍കണമെന്നാണ് വ്യവസ്ഥ. സംഭരണശേഷി വര്‍ധിച്ചതോടെ കര്‍ണാടക ഈ വെള്ളം പോലും വിട്ടുകൊടുക്കുന്നില്ല.

കേരളത്തില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളം ഉപയോഗിച്ച് 214700 ഏക്കര്‍ സ്ഥലത്താണ് കര്‍ണാടകം ജലസേചനം നടത്തുന്നത്. ഇതേസമയം വയനാട്ടിലെ കൃഷിഭൂമികള്‍ വെള്ളമില്ലാതെ ഉണങ്ങുകയാണ്. ബീച്ചനഹള്ളിയിലും നൂഗുവിലും സാഗരെ ഡൊഡേക്കരയിലും കേരളത്തിലെ ജലം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ജലവൈദ്യുതപദ്ധതികളും പൂര്‍ത്തിയായി വരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X