Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനുമായി ചര്‍ച്ചയില്ല: വാജ്പേയി

ഐക്യരാഷ്ട്രസഭ: ലോകമെങ്ങും ഭീകരരെ സഹായിയ്ക്കുന്ന പാകിസ്ഥാനുമായി ഒരു ഒത്ത തീര്‍പ്പും നടത്താന്‍ ഇപ്പോള്‍ ഇന്ത്യ തയ്യാറല്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.

ജമ്മു- കശ്മീരില്‍ തങ്ങള്‍ ഭീകരരെ പിന്തുണയ്ക്കുയാണെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് സമ്മതിച്ചിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദി അക്രമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിയ്ക്കാവുന്നതേയുള്ളു എന്ന ജനറല്‍ മുഷറഫിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയാറല്ല. അല്‍-ക്വയ്ദയും താലിബാനുമായി അനുരഞ്ജനത്തിന് ലോകം തയാറാകാത്തതുപോലെ ഞങ്ങള്‍ക്കും ഭീകരതയുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാവില്ല. - വാജ്പേയി അതിശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചു.

2003 സെപ്തംബര്‍ 25 വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് പ്രധാന മന്ത്രി ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം ജനറല്‍ മുഷറഫ് ഐക്യ രാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാന വിഷയം കശ്മീരായിരുന്നു. അതിന് മറുപടി എന്നോണമായിരുന്നു വാജ്പേയിയുടെ പ്രസംഗം. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ കാഷ്മീരിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് താന്‍ ശ്രമിക്കാമെന്നായിരുന്നു മുഷറഫിന്റെ ഭാഷ്യം. ഭീകരപ്രവര്‍ത്തനവുമായി അനുരഞ്ജനത്തിന് ഇന്ത്യ തയാറല്ല. ഭീകര പ്രവര്‍ത്തനം കാണിച്ച് ഇന്ത്യയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആരും നോക്കണ്ട. പ്രധാനമന്ത്രി പറഞ്ഞു.

അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാന്‍ എന്നവസാനിപ്പിക്കുന്നുവോ അന്ന് അവരുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകും. അല്ലെങ്കില്‍ ഞങ്ങള്‍ ഭീകരരെ ഉന്മൂലനം ചെയ്തശേഷം പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാറാകാം.

കാഷ്മീരില്‍ ആഭ്യന്തര കലഹം നടക്കുകയാണെന്ന് പറഞ്ഞ മുഷാറഫ് അവിടത്തെ അക്രമം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങാമെന്നും വാഗ്ദാനംചെയ്തു. അതിനു പകരം പലതും അദ്ദേഹം തിരിച്ചുചോദിക്കുന്നു. ഇതിനെയാണ് ബ്ലാക് മെയിലിംഗ് എന്ന് പ്രധാനമന്ത്രി വിളിച്ചത്.

പല വേദികളിലും മുഷാറഫ് കാഷ്മീര്‍ പ്രശ്നം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഈ ആദരണീയ സഭയില്‍ പാക്കിസ്ഥാന്‍ നേതാവ് പ്രശ്നമുന്നയിച്ചപ്പോള്‍ അത് ജമ്മു-കാഷ്മീരിലെ ഭീകരപ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്നത് അവരാണെന്ന് ആദ്യമായി സമ്മതിച്ചുകൊണ്ടായി.

പരമ്പരാഗത ആയുധങ്ങളില്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും തുല്യത വേണമെന്ന മുഷാറഫിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. സൈനിക തുല്യത എന്ന ആശയം തന്നെ കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ പതിനൊന്നിലെ അമേരിക്കന്‍ ആക്രമണത്തിനുശേഷവും ലോകത്തുനിന്ന് ഭീകരത തുടച്ചുനീക്കാന്‍ ഐക്യരാഷ്ട്ര സഭ ഒത്തൊരുമയോടെ നീങ്ങാത്തതില്‍ വാജ്പേയി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഭീകരതയ്ക്കെതിരേ പൊരുതുന്നുവെന്നു പറയുന്ന സഭയിലെ ചില സഖ്യകക്ഷികള്‍ തന്നെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ വാജ്പേയി ചൂണ്ടിക്കാട്ടി.

ഇറാക്ക് പ്രശ്നവും ഐക്യരാഷ്ട്രസഭാ പരിഷ്കരണവും ആയുധനിര്‍വ്യാപനവും പ്രധാനമന്ത്രിയുടെ പരാമര്‍ശവിഷയങ്ങളായി.

ഇറാക്ക് യുദ്ധം ഒഴിവാക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടത് വാജ്പേയി ഓര്‍മ്മിപ്പിച്ചു. ഇറാക്കില്‍ വന്‍ ബാധ്യതയാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളതെന്നും വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+