കരുണാകരനെ ഐക്യമുന്നണിയ്ക്ക് അവഗണിക്കാനാവില്ല:പിള്ള
കൊച്ചി: കെ.കരുണാകരനെ അവഗണിച്ചുകൊണ്ട് ഐക്യമുന്നണിയ്ക്ക് പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ആവര്‍ത്തിച്ചു. ഇത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐക്യമുന്നണിയുടെ സൃഷ്ടാവാണ് കരുണാകരന്‍. അദ്ദേഹത്തെ ഉള്‍ക്കൊള്ളാതെ മുന്നണിയ്ക്ക് തുടരാനാവില്ല. അത് ധാര്‍മ്മികമായ ബാധ്യതകൂടിയാണ്. എറണാകുളം കെ.എസ്.ഇ.ബി ഗസ്റ് ഹൗസില്‍ നവംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിള്ള.
രാഷ്ട്രീയത്തില്‍ ഓരോ പാര്‍ട്ടിയും നോക്കുന്നത് എന്താണ് തന്റെ പാര്‍ട്ടിയ്ക്ക് നല്ലതെന്നാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ നിതാന്ത ബന്ധുക്കളും ശത്രുക്കളും ഇല്ല. ബദല്‍ മന്ത്രിസഭയ്ക്ക് സാദ്ധ്യതയുണ്ടായാല്‍ എന്താണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. അത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് വേണ്ട തീരുമാനം എടുക്കും. ബദല്‍ മന്ത്രിസഭയെക്കുറിച്ച് തീരുമാനിക്കേണ്ടത് സി.പി.എം ആണ്. മന്ത്രിസഭ വീണ ശേഷം പുതിയ സഭയെക്കുറിച്ച് ആലോചിക്കാമൊണ് ഇടതുമുന്നണി കരുതുന്നത്.
കോണ്‍ഗ്രസ് പിളര്‍ന്നാല്‍ അതിന്റെ പ്രതിഫലനം ഐക്യമുന്നണിയിലെ ഘടകകക്ഷികളിലുണ്ടാകും. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നം പാര്‍ട്ടി വിട്ട് പുറത്തേയ്ക്ക് കടന്നിരിയ്ക്കുകയാണ്. ഇത് ഐക്യമുന്നണിയുടെ ബലത്തെ ക്ഷയിപ്പിയ്ക്കുന്ന നിലയില്‍ എത്തിയിരിയ്ക്കുകയാണ്. അതാണ് മുസ്ലിം ലീഗ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിയ്ക്കുന്നത്.