സിപിഎം പാര്‍ട്ടി അംഗങ്ങളെ ദത്തെടുക്കും
ആലപ്പുഴ: മുഴുവന്‍ സമയ പാര്‍ട്ടി അംഗങ്ങളെ ദത്തെടുക്കാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയാണ് ഇത്തരമൊരു പുതിയ ആശയവുമായി മുന്നോട്ട് വന്നിരിയ്ക്കുന്നത്.
ജില്ലയിലെ എല്ലാ ഏരിയ കമ്മിറ്റി പ്രദേശങ്ങളില്‍ നിന്നുമായി 40 പേരെ ആദ്യം ദത്തെടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
മുഴുവന്‍ സമയവും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചവരെയാണ് ദത്തെടുക്കുക. ഇവരുടെ മുഴുവന്‍ ചെലവുകളും പാര്‍ട്ടി വഹിയ്ക്കും. ഏതെങ്കിലും പാര്‍ട്ടി പദവികളോ പാര്‍ട്ടിയുടെ സഹായത്തോടെ മറ്റ് പദവികളോ വഹിയ്ക്കുന്നവരെ പരിഗണിയ്ക്കില്ല. മറ്റു വരുമാനമുള്ളവരെയും പരിഗണിയ്ക്കില്ല.
ദത്തെടുക്കുന്നവരുടെ മുഴുവന്‍ ചെലവുകളും പാര്‍ട്ടിതന്നെ വഹിയ്ക്കും. പി. കൃഷ്ണപിള്ള സ്മാരക ഫണ്ടില്‍ നിന്നും ഇവരുടെ ചെലവിനുള്ള തുക കണ്ടെത്തും. ഇതിനായി രണ്ട് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 12 ഏരിയാകമ്മിറ്റികളില്‍ നിന്നായി രണ്ടു പേരെ വീതം ദത്തെടുക്കും. 16 പേരെ ജില്ലാകമ്മിറ്റി നേരിട്ട് ദത്തെടുക്കും. ഏരിയാകമ്മിറ്റികള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പേരില്‍ ഒരാള്‍ വനിതയായിരിക്കണം. ദത്തെടുക്കപ്പെടുന്നവര്‍ക്ക് പ്രായപരിധിയില്ല.