കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടക കക്ഷികള്‍ക്ക് ഇത് കൊയ്ത് കാലം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍ക്ക് ഏത് രാഷ്ട്രീയ അനിശ്ചിതത്വവും കൊയ്ത് കാലമാണ്. ഈ രാഷ്ട്രീയ അനിശ്ചിതത്തവും അതില്‍ നിന്ന് വ്യത്യസ്ഥമല്ല.

ഓരോ ഘടക കക്ഷികളും രഹസ്യമായും പരസ്യമായും വില പേശി പലതും നേടുന്നുണ്ട്. അതില്‍ ചിലത് മാത്രം വാര്‍ത്തകളാവുന്നു. ഈയിടെ പുറത്ത് വന്ന ഒന്ന് രണ്ടെണ്ണം നോക്കൂ.

മന്ത്രി ബാലകൃഷ്ണ പിള്ളയ്ക്ക് എതിരെയുള്ള വിജിലന്‍സ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ടി എം ജേക്കബിനെതിരെയുള്ള കേസും സര്‍ക്കാര്‍ പിന്‍വലിച്ചു. എന്തായിരിയ്ക്കും ഇതിന് പിന്നിലുള്ള വികാരം. മുഖ്യമന്ത്രി എന്ത് പറഞ്ഞാലും ബുദ്ധിയുള്ള നാട്ടുകാര്‍ക്കെല്ലാം ഇത് മനസ്സിലാക്കാവുന്നതേയുള്ളു. ഈ നടപടിയ്ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വീണ്ടും ആവശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തോന്നുന്നു. ഐക്യമുന്നണിയില്‍ തുടരുന്നത് പുനരാലോചിയ്ക്കും എന്ന് വരെ പിള്ള വച്ച് കാച്ചി. രണ്ട് ദിവസം കഴിഞ്ഞില്ല വരുന്നു പിള്ളയുടെ പുതിയ പ്രസ്താവന. കരുണാകരനോടൊപ്പം ഞങ്ങള്‍ (പിള്ള, ജേക്കബ് വിഭാഗത്തില്‍ പെട്ട എം എല്‍ എ മാര്‍) പോകില്ല. ഇതിനിടയില്‍ എന്ത് സംഭവിച്ചു എന്ന് അന്വേഷിയ്ക്കാവുന്നതാണ്.

സര്‍ക്കാര്‍ പണം നല്‍കുന്ന (എയ്ഡഡ്) സ്കൂളുകള്‍ അടച്ച് പൂട്ടുന്ന കാലമാണല്ലോ ഇത്. മാത്രമല്ല നാട് നീളെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ മൂന്ന് ആഴ്ചയ്ക്ക് മുമ്പ് സര്‍ക്കാര്‍ അതി ബുദ്ധി കാണിച്ചു. 32 പുതിയ എയ്ഡഡ് സ്കൂളുകള്‍ കൂടി അനുവദിച്ചു. മദ്രസകളില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്കൂളുകള്‍ക്കാണ് പുതിയ എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്താ തകര്‍ക്കുന്നില്ലേ രാഷ്ട്രീയ അനിശ്ചിതത്തിനിടയിലെ ഭരണം. പക്ഷേ ഇത് കണ്ട് സഹിയ്ക്കാത്ത ഒരാള്‍ കേസിന് പോയി. സര്‍ക്കാരിന്റെ ഈ നടപടി കോടതി റദ്ദാക്കുകയും ചെയ്തു. പിന്നാലേ ഇതാ കോഴിക്കോട് സര്‍വകലാശാല 90 അറബിക് കോളേജുകള്‍ കൂടി തുടങ്ങുന്നു.

ഇതിന് രണ്ടിനും പിന്നാലേയാണ് സര്‍ക്കാരിന്റെ മികച്ച മറ്റൊരു തീരുമാനം കൂടി വരുന്നത്. സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഒമ്പത് തരം മരങ്ങള്‍ കൂടി മുറിയ്ക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. നവംബര്‍ 12 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേരള പ്രമോഷന്‍ ഒഫ് ട്രീ ഗ്രോത്ത് എന്ന ഓര്‍ഡിനന്‍സ് തേക്ക്, ഈട്ടി, ഇരുള്‍, തേമ്പാവ്, കമ്പകം, ചെമ്പകം, ചെടച്ചി, ചീനി, ചന്ദനവേപ്പ് എന്നീ മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കുന്നത്.

ഈ മരങ്ങളൊക്കെ വന ഭൂമിയിലാണ് സാധാരണ ഉണ്ടാവുക. വന ഭൂമി പട്ടയം കിട്ടിയവരാണ് ഇത് മുറിയ്ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍. അവരെ സഹായിയ്ക്കുക മാത്രമാണ് ഈ ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. കേരളത്തില്‍ വന ഭൂമി പട്ടയം കിട്ടിയത് ആര്‍ക്കൊക്കെയാണെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും അറിയാം. നിലമ്പൂര്‍, ഇരുട്ടി, ഇടുക്കി, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാന പട്ടയ ഭൂമി. ആര്‍ക്കൊക്കെയാണ് ഇതുകൊണ്ട് ഗുണമുണ്ടാവുന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്നും ഇനിയും വ്യക്തമാക്കേണ്ടിതില്ലല്ലൊ. ഒരു വിഭാഗം മാത്രമല്ല ഇതിന്റെ ഗുണഭോക്താക്കള്‍ എന്നതാണ് മറ്റ് നടപടികളില്‍ നിന്ന് ഇതിനുള്ള പ്രത്യേകത.

ഏതെങ്കിലും നിയമം ഇല്ലാത്തതുകൊണ്ട് ഭരണ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് സാധാരണ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. നിയമം പാസാക്കാന്‍ നിയമ സഭ കൂടേണ്ടതുണ്ട്. അതിന് വൈകുമെന്നതുകൊണ്ട് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിയോടെ ഒര്‍ഡിനന്‍സ് ഇറക്കും. കാരണം ഭരണ പ്രതിസന്ധി ഉണ്ടാകരുതല്ലൊ. എന്നാല്‍ ഈ ഒമ്പത് മരം മുറിയ്ക്കാനാവത്തതുകൊണ്ട് കേരളത്തില്‍ എന്ത് ഭരണ പ്രതിസന്ധി ഉണ്ടായെന്ന് മനസ്സിലാവുന്നില്ല. ഒരു സര്‍ക്കാര്‍ പ്രതിനിധിയും അത് വെളിപ്പെടുത്തുന്നുമില്ല. ജനുവരിയില്‍ സഭ ചേരുന്നതുവരെ എന്തുകൊണ്ട് സര്‍ക്കാര്‍ കാത്തിരുന്നില്ല. ഭരിയ്ക്കുന്നവര്‍ കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നു എന്ന ് പറഞ്ഞ് പണ്ട് പട നയിച്ച ഒരു കോണ്‍ഗ്രസ് സ്പീക്കറുണ്ടായിരുന്നു. ഇപ്പോള്‍ പൊതുവേ ശാന്തനായി ഇരിയ്ക്കുന്ന എപ്പോഴും അനീതിയ്ക്കെതിരെ ക്ഷോഭിയ്ക്കുന്ന വി. എം. സുധീരന്‍. അദ്ദേഹത്തിനും ഇതില്‍ പ്രതിഷേധമൊന്നുമില്ല. എന്ത് അതിശയം ! !

എന്തായാലും ഈ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് സര്‍ക്കാര്‍ ഒരു ദാര്‍ശനിക മാനം കണ്ടെത്തിയിട്ടുണ്ട്. കാരണം സ്വകാര്യ ഭൂമിയില്‍ കൂടുതല്‍ മരം വച്ച് പിടിപ്പിയ്ക്കാനായി ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കാനാണ് ഈ ഓര്‍ഡിനന്‍സ് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ഇതിനിടയില്‍ സര്‍ക്കാര്‍ ദിനം പ്രതി സ്വാശ്രയ ഐ ടി സി കളും മെഡിയ്ക്കല്‍ കോളെജുകളും ഒക്കെ അനുവദിയ്ക്കുന്നുണ്ട്. ഇതൊക്കെ ശ്രദ്ധിയ്ക്കാന്‍ എല്ലാം ശ്രദ്ധിയ്ക്കുന്നവനെന്ന് നടിയ്ക്കുന്ന പ്രതിക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന് പോലും ഇപ്പോള്‍ സമയം കിട്ടുന്നില്ല. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ താറുടുത്ത് നടക്കുകയാണല്ലോ അദ്ദേഹവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X