കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണല്‍: ഭരണമുന്നണിയില്‍ എതിര്‍പ്പ് രൂക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് രഹസ്യമായി അനുമതി നല്‍കിയ വ്യവസായ വകുപ്പിന്റെ നടപടി ഐക്യമുന്നണി സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയായി മാറുകയാണ്. വ്യാജ ലോട്ടറി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിയ്ക്കുന്നതിന് മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കിട്ടിയ പുതിയ അടിയാണ് കരിമണല്‍ ഖനനാനുമതി.

രഹസ്യമായി വ്യവസായ വകുപ്പ് അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് ഒഴികെ എല്ലാ ഘടക കക്ഷികളും(ടി.എം. ജേക്കബ് മാത്രമാണ് കരിമണല്‍ ഖനനത്തെ അനുകൂലിച്ചിരിക്കുന്നത്.) അഭിപ്രായപ്പെട്ട് കഴിഞ്ഞു. ഈ ദൂരൂഹ അനുമതിയ്ക്ക് കാരണക്കാരനായ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആകട്ടെ ഇതുവരെ ഇതിനെക്കുറിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടുമില്ല.

വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ച് വരുത്തി തീരുമാനത്തിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. മണല്‍ ഖനനാനുമതി സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രി നേരിട്ട് പരിശോധിയ്ക്കുന്നുണ്ട്.

മുസ്ലിം ലീഗിലും കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്നവര്‍ പരസ്യമായി കരിമണല്‍ ഖനനാനുമതിയ്ക്കെതിരെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. യൂത്ത് ലീഗ് ഖനനാനുമതിയ്ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലീഗിന്റെ മറ്റ് മന്ത്രിമാരും കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനോട് യോജിയ്ക്കുന്നില്ല.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ആര്‍ക്കും തന്നെ ഇതിനോട് യോജിപ്പില്ല. മന്ത്രി കെ.സി. വേണുഗോപാലും വി.എം. സുധീരനും പരസ്യമായി ഇതിനെ എതിര്‍ത്തിട്ടുണ്ട്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതിലും മന്ത്രിമാര്‍ക്ക് പ്രതിഷേധമുണ്ട്.

ഖനനാനുമതി നല്‍കിയതില്‍ നിന്ന് പിന്നാക്കം പോകാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ലെങ്കില്‍ പ്രശ്നം പുതിയ തലത്തിലേയ്ക്ക് വളരും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനം റദ്ദാക്കാനോ മരവിപ്പിയ്ക്കാനോ ആണ് സാദ്ധ്യത. മറ്റ് മന്ത്രിമാരാരും തന്നെ ഇതിനെ അനുകൂലിയ്കാത്ത സ്ഥിതിയ്ക്ക് മറ്റൊരു തീരുമാനം ഉണ്ടാകാന്‍ ഇടയില്ല. ലീഗിലെ തന്നെ ഒരു വിഭാഗം തീരുമാനത്തോട് എതിരാണ് എന്നതും ഇതിനെ എളുപ്പമാക്കുന്നു.

ഐക്യമുന്നണിയില്‍ ലീഗ് പുലര്‍ത്തുന്ന മേല്‍കോയ്മ ഒന്നുകൂടി ഉറക്കെ വിളിച്ചോതുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ തീരുമാനം. ലീഗ് എന്തും ചെയ്യും എന്ന ഒരു അറിയിപ്പുകൂടി ആയി വേണം ഇതിനെ കരുതാന്‍. ആന്റണിയെ മാറ്റാന്‍ ലീഗാണ് അണിയറയില്‍ പ്രവര്‍ത്തിച്ചതെന്ന് പറയുന്നുണ്ട്. ആന്റണി മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കരുതിയാണോ ഈ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വരെ സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു. കോടികള്‍ ഒഴുകുന്ന ഇടപാടാണ് കരിമണല്‍ ഖനനം. ഇപ്പോള്‍ വാതോരാതെ ഖനനത്തിനെതിരെ പ്രസംഗിയ്ക്കുന്നവരുടെ വായടപ്പിയ്ക്കാനായി അനുമതി കിട്ടിയ കമ്പനിയുടെ പ്രവര്‍ത്തകര്‍ കോടികളുമായി കേരളത്തില്‍ കറങ്ങുന്നുണ്ടെന്ന് പറയുന്നു.

ഖനനത്തിന് ഇപ്പോള്‍ അനുമതി കിട്ടിയിട്ടുള്ള കൊച്ചിയിലെ കെ.ആര്‍.ഇ.എം.എല്‍. കമ്പനിയും മറ്റൊരു സ്ഥാപനവും തമ്മിലുണ്ടായിരുന്ന കേസില്‍ കെ.ആര്‍.ഇ.എം.എല്ലിന് അനുകൂലമായി ഉണ്ടായ ഹൈക്കോടതി വിധി പ്രയോജനപ്പെടുത്തി, മുന്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുകയാണ് വ്യവസായ വകുപ്പ് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍, കേന്ദ്ര ഖനനവകുപ്പിന്റെ അനുമതി തല്‍പരകക്ഷികള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിസ്ഥിതി വകുപ്പിന്റെയും ആണവവകുപ്പിന്റെയും അനുമതി കിട്ടിയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാലേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുകയുള്ളൂ എന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതെന്ന് പറയുന്നുണ്ട്.

വ്യവസായ വകുപ്പിലെ ഉന്നതര്‍ ഖനനാനുമതി കിട്ടിയ കമ്പനിയില്‍ രഹസ്യ നിക്ഷേപം ഉള്ളവരാണെന്നും ആരോപണമുണ്ട്. അതാണത്രെ രഹസ്യമായി ഇത്തരം ഒരു അനുമതി ഉണ്ടാവാന്‍ കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X