തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുന്നു. ആലപ്പുഴയിലും എറണാകുളത്തും തൃശൂരിലും കണ്ണൂരിലും കാസര്‍കോട്ടുമാണ് ശനിയാഴ്ച ശക്തമായ കടലാക്രമണമുണ്ടായത്.

എറണാകുളത്ത് നായരമ്പലം, എടവനക്കാട് പ്രദേശങ്ങളില്‍ കടല്‍ കരയില്‍ 20 മീറ്ററോളം ഇരച്ചുകയറി. തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലും ചാവക്കാട്ടുമാണ് വേലിയേറ്റത്തെ തുടര്‍ന്ന് ശക്തമായ കടലാക്രമണമുണ്ടായത്. 25 ഓളം വീടുകളില്‍ വെള്ളം കയറി. ഇവിടെ വീടുകള്‍ ഒഴിപ്പിച്ചു. കൊടുങ്ങല്ലൂരില്‍ 10 വീടുകള്‍ തകര്‍ന്നു.

ആലപ്പുഴ പുറക്കാട് ശനിയാഴ്ച കടല്‍ഭിത്തി തകര്‍ത്ത് ശക്തമായ തിര കരയിലേക്ക് ഇരച്ചുകയറി. സുനാമി ബാധിത മേഖലയായ തറയില്‍കടവില്‍ സുനാമി ബാധിതര്‍ക്കുള്ള ഭവനനിര്‍മാണത്തെ കടല്‍ക്ഷോഭം പ്രതികൂലമായി ബാധിച്ചു. അമ്പലപ്പുഴയില്‍ നാല് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴ പഞ്ചായത്തിലും ശക്തമായ കടലാക്രമണമുണ്ടായി.

കണ്ണൂര്‍ തയ്യിലില്‍ കടല്‍ കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് ചില വീടുകള്‍ വെള്ളത്തിനടിയിലായി. ഇവിടെ തീരത്തിന് സമീപം വാഹനഗതാഗതം തടസപ്പെട്ടു.കാസര്‍കോട് കസബ ബീച്ചില്‍ കടല്‍കയറിയതിനെ തുടര്‍ന്ന് നാല്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കടലാക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ റവന്യുമന്ത്രി കെ. എം. മാണിയും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്