പി. സി. തോമസ് ഖേദം പ്രകടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: മണ്ഡലപുനര്‍നിര്‍ണയം നടത്തിയപ്പോള്‍ മൂവാറ്റുപുഴ ഇല്ലാതായതിനെ കുറിച്ച് താന്‍ നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസിന് അപകീര്‍ത്തിപരമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി. സി. തോമസ് എംപി അറിയിച്ചു.

ആരോപണങ്ങള്‍ പി. സി. തോമസ് പിന്‍വലിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കമ്മിഷനെതിരെ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്ന് കമ്മിഷന്‍ നേരത്തെ പി. സി. തോമസിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വക്കീല്‍ നോട്ടീസ് കൈപ്പറ്റിയതിനെ തുടര്‍ന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തോമസ് ഖേദം പ്രകടിപ്പിച്ചത്.

അതേ സമയം പുനര്‍നിര്‍ണയ കമ്മിഷന്റെ തീരുമാനം ശരിയല്ലെന്ന അഭിപ്രായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ഇതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ പ്രസ്താവന അപകീര്‍ത്തിപരമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു- തോമസ് വ്യക്തമാക്കി.

എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ കറുത്ത കരം പ്രവര്‍ത്തിച്ചുവെന്ന മുന്‍ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും തോമസ് പറഞ്ഞു. ഇത് സംബന്ധിച്ച ഏതെങ്കിലും കേസുണ്ടായാല്‍ ഇക്കാര്യം കൂടുതല്‍ തെളിയിക്കാനാവുമെന്നും തോമസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്