പത്മനാഭനെതിരെ പുനത്തില്‍ നല്‍കിയ കേസ് തള്ളി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനെതിരെ നോവലിസ്റും കഥാകൃത്തുമായ പുനത്തില്‍ കുഞ്ഞബ്ദുള്ള നല്‍കിയ മാനനഷ്ടക്കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി. കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ പുനത്തില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

മേയ് 13ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ പുനത്തിലോ പത്മനാഭനോ കോടതിയില്‍ ഹാജരാകാത്തതിനാലാണ് കേസ് ശനിയാഴ്ചത്തേക്ക് മാറ്റി വച്ചത്. ശനിയാഴ്ചയും പരാതിക്കാരന്‍ എത്താത്ത സാഹചര്യത്തില്‍ കേസ് തള്ളുന്നതായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. കൊല്ലത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പച്ചമലയാളം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പത്മനാഭനുമായുള്ള അഭിമുഖമാണ് കേസിന് ആധാരം.

എഴുത്തുകാരായ വി.ആര്‍. സുധീഷ്, ടി.കെ. ശങ്കരനാരായണന്‍ എന്നിവര്‍ കേസിലെ സാക്ഷികളായിരുന്നു.

പുനത്തിലിനെ മദ്യപാനിയെന്നും ഭ്രാന്തനെന്നും മോഷ്ടാവെന്നും വിവാദലേഖനത്തില്‍ പത്മനാഭന്‍ വിശേഷിപ്പിച്ചിരുന്നു. പച്ചമലയാളത്തില്‍ കഥയുടെ എഴുത്തച്ഛന്‍ സംസാരിക്കുന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ അഭിമുഖത്തിലാണ് പത്മനാഭന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പണത്തിനും മദ്യത്തിനും വേണ്ടി എന്തും പറയുന്ന ആളാണ് പുനത്തിലെന്നും പുനത്തിലിന്റെ പുതിയ നോവലായ പരലോകം മോഷണമാണെന്നും അഭിമുഖത്തില്‍ പത്മനാഭന്‍ ആരോപിച്ചിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചാണ് പത്മനാഭന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ആരോപിച്ചാണ് പുനത്തില്‍ മാനനഷ്ടക്കേസ് കൊടുത്തത്. 2003 ഡിസംബറിലാണ് പുനത്തില്‍ കേസ് നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്