അദ്വാനി ബിജെപി അധ്യക്ഷസ്ഥാനം രാജിവച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എല്‍. കെ. അദ്വാനി ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിക്കു കൈമാറി.

വളരെ ആലോചിച്ച ശേഷമാണ് രാജിവക്കാന്‍ തീരുമാനിച്ചതെന്ന് രാജിക്കത്തില്‍ പറയുന്നു. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ഇന്ത്യാ-പാക് സമാധാനപ്രക്രിയക്ക് തന്റെ പാക് സന്ദര്‍ശനം കൂടുതല്‍ കരുത്തുനല്‍കിയെന്നും പിന്‍വലിക്കേണ്ടതായ യാതൊരു പ്രസ്താവനയും പാകിസ്ഥാനില്‍ വച്ച് താന്‍ നടത്തിയിട്ടില്ലെന്നും കത്തിലുണ്ട്.

രാജി പ്രഖ്യാപനത്തോടൊപ്പം പാകിസ്ഥാനില്‍ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് തന്നെ പാര്‍ട്ടി പ്രസിഡന്റു സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് ജോഷിക്കെഴുതിയ കത്തിന്റെ പകര്‍പ്പും വാര്‍ത്താലേഖകര്‍ക്ക് അദ്വാനി നല്‍കി. തന്റെ അഭ്യര്‍ത്ഥന പാര്‍ട്ടി അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും തനിക്കെല്ലാം പാര്‍ട്ടിയാണ് നല്‍കിയതെന്നും ഈ കത്തില്‍ പറയുന്നുണ്ട്.

പാകിസ്ഥാനില്‍ വച്ച് ജിന്നയെക്കുറിച്ച് അദ്വാനി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അദ്വാനിയുടെ പ്രസ്താവനക്കെതിരെ ആര്‍എസ്എസ് ഉള്‍പ്പെട്ട ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജിപ്രഖ്യാപനം.

പ്രസ്താവന പിന്‍വലിക്കുവാന്‍ സംഘടനകള്‍ അദ്വാനിയോടാവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജിവിവരം അറിഞ്ഞതോടെ പ്രമോദ് മഹാജന്‍, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, അനന്ത് കുമാര്‍, ബാല്‍ അപ്തെ എന്നിവരടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ അദ്വാനിയുടെ വസതിയിലെത്തി രാജി തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്