സമാധാനത്തിനായി ആവുന്നതെല്ലാം ചെയ്തുവെന്ന് ആന്റണി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മാറാട് കലാപങ്ങള്‍ക്കിടെ സമാധാനം സ്ഥാപിക്കുവാന്‍ കഴിവുള്ളതെല്ലാം ചെയ്തുവെന്ന് മുന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി മാറാട് കമ്മീഷന് മുന്‍പാകെ മൊഴിനല്‍കി. മാറാടുണ്ടായിരുന്ന പൊലീസിന്റെ സംയോജിത ഇടപെടല്‍ കൊണ്ടാണ് രണ്ടാം കലാപത്തിനു ശേഷം കൂടുതല്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കഴിഞ്ഞതെന്നും ആന്റണി മൊഴി നല്‍കി.

ഇരുസമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മാറാട് കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കിയത്. ഗാന്ധിയനായ പി.ഗോപിനാഥന്‍ നായരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ക്കു പിന്നില്‍ ബിജെപി-ലീഗ് സമ്മര്‍ദമാണെന്ന ആരോപണം തെറ്റാണ്.

ആര്‍എസ്എസ് ആവശ്യപ്പെട്ടതു കൊണ്ടാണ് ആദ്യത്തെ തവണ താന്‍ മാറാട് സന്ദര്‍ശിക്കാതിരുന്നതെന്ന വാദം തെറ്റാണ്. രണ്ടാം കലാപശേഷം മാറാട് തനിച്ചെത്തിയത് ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ്. രണ്ടാം മാറാട് കലാപം നടന്ന ശേഷം വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ കലാപസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചത് പൊലീസിന്റെ അഭിപ്രായപ്രകാരമായിരുന്നു.

മാറാട് കലാപത്തിന്റെ ഒന്നാം, രണ്ടാം ഘട്ടങ്ങളില്‍ക്കിടയിലുണ്ടായിരുന്ന സമയത്ത് മാറാട് വിന്യസിച്ചിരുന്ന പൊലീസ് സേനയെ പിന്‍വലിച്ചിരുന്നില്ല. മാറാട് ആവശ്യത്തിന് പൊലീസുണ്ടായിരുന്നു. എത്രത്തോളം പൊലീസിനെയാണ് അവിടെ വിന്യസിക്കേണ്ടതെന്ന് തീരുമാനിച്ചത് പൊലീസ് അധികാരികളായിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആന്റണി കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്