റോഡ് സുരക്ഷാ ബില്ലിന് അംഗീകാരം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷാ ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗതാഗത മന്ത്രി ചെയര്‍മാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയര്‍മാനുമായ 21 അംഗ റോഡ് സുരക്ഷയ്ക്കായി അതോറിറ്റി രൂപീകരിക്കും. ഗതാഗത കമ്മിഷണര്‍ ചെയര്‍മാനായ അഞ്ചംഗ നിര്‍വാഹക സമിതിക്കും രൂപം നല്‍കും.

റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് രൂപീകരിക്കുക, അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ട്രോമാ കെയര്‍ അടക്കമുള്ള ചികിത്സാ രീതികള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ചുമതല. റോഡ് സുരക്ഷയ്ക്ക് ആവശ്യമായുള്ള നടപടിയെടുക്കുക, പദ്ധതികളും മറ്റും തയാറാക്കുക എന്നിവയും ഇനി അതോറിറ്റിയുടെ കീഴിലാകും.

വിവിധ സംഘടനകളെ ഏകോപിപ്പിച്ച് റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവത്ക്കരണം നടത്തേണ്ടത് അതോറിറ്റിയാണ്. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

എല്ലാ നിയമനങ്ങളും അഭിമുഖം വഴിയായിരിക്കും ഇനി നടത്തുകയെന്ന പിഎസ്സിയുടെ തീരുമാനം പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ഉണ്ടാക്കുന്ന നിയമസര്‍വകലാശാലയുടെ ചാന്‍സലര്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് ആയിരിക്കും. ഇതു സംബന്ധിച്ച ബില്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

കൂടുതല്‍ അംഗീകാരമുള്ള സ്കൂളുകള്‍ സംസ്ഥാനത്തു വേണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ്ഥാപനങ്ങള്‍ അനുവദിക്കുന്നത് ചര്‍ച്ചകളിലൂടെയാണ് തീരുമാനിക്കുക. നെല്ലുസംഭരണം തികച്ചും നല്ല രീതിയിലാണ് സംസ്ഥാനത്തു നടക്കുന്നത്.

ഫയര്‍ ഫോഴ്സില്‍ 20 പുതിയ തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോഡ് കളാവിലെ ട്വിങ്കിള്‍ വര്‍ഗീസിന് വിദേശത്ത് സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്