സുധീരന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ല: ഇബ്രാഹീംകുഞ്ഞ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കരിമണല്‍ ഖനന പ്രശ്നത്തില്‍ വി.എം. സുധീരന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന ഖനനം പാടില്ലെന്ന സുധീരന്റെ അഭിപ്രായം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

പരിസ്ഥിതിക്ക് ദോഷകരമായ ഖനനത്തെയാണ് സുധീരന്‍ എതിര്‍ക്കുന്നത്. ഖനനത്തിനായി അനുമതി പത്രം നല്‍കിയാലും കമ്പനികള്‍ക്ക് അത് തുടങ്ങാനാവില്ല. അവര്‍ക്ക് പാരിസ്ഥിതിക പഠനം നടത്തണം. അത് അനുകലമായാല്‍ മാത്രമേ ഖനനം അനുവദിക്കൂവെന്നാണ് കേന്ദ്ര നിയമം. ഖനനത്തെ എതിര്‍ക്കുന്ന നിലപാടാണ് സുധീരന്‍ തുടക്കത്തിലേ എടുത്തുപോന്നത്. അതില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നതിനെ വ്യക്തിപരമായി താന്‍ അനുമോദിക്കുന്നു.

ഈ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിയമ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. വളരെ ചെലവേറിയതാണ് പഠനം. ഖനനത്തിന് അനുമതി ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയെക്കൊണ്ടേ പഠനം നടത്താനാവൂ. അത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയും വേണം .

ഖനനത്തെപ്പറ്റി പഠിച്ച ജസ്റിസ് ജോണ്‍ മാത്യു കമ്മിഷന്‍ സമഗ്ര റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത 24 പേരും ഏകദേശം ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വ്യവസായ വകുപ്പ് മാത്രം എടുക്കേണ്ട തീരുമാനമല്ല ഇത്. മന്ത്രിസഭയാണ് ഇക്കാര്യം തീരുമാനിക്കുക.

ആറാട്ടുപുഴയുടെ തീരത്ത് ഹിതപരിശോധന നടത്തി ഖനനം വേണമോയെന്ന് തീരുമാനിക്കാനാവില്ല. ഖനനത്തെ ആദ്യം എതിര്‍ത്തവര്‍ പോലും ഇപ്പോള്‍ അനുകൂലിക്കുന്നുണ്ട്. തൊഴിലില്ലായ്മയാകാം ഇതിന് കാരണം.

പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ-സാമുദായിക പശ്ചാത്തലവും കൂടി പരിഗണിച്ച ശേഷമേ മണല്‍ ഖനന പ്രശ്നത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ കാസര്‍ഗോഡ് റിസോഴ്സ് സെന്റര്‍ തുടങ്ങും. വൈദ്യസഹായം, തൊഴില്‍ പരിശീലനം, ഭക്ഷണം, പുനരധിവാസം എന്നിവ ദുരിതബാധിതര്‍ക്കു ലഭ്യമാക്കുകയാണ് സെന്ററിന്റെ ഉദ്ദേശ്യം.

സംസ്ഥാനത്ത് ഈ വര്‍ഷം 25000 ചെറുകിട വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംരംഭകര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്