മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കും: തിരുവഞ്ചൂര്‍
തിരുവനന്തപുരം: കൊച്ചി മെട്രോറെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റെയില്‍വേ വകുപ്പിന്റെ ചുമതലയുളള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയും ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ പദ്ധതി ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കണമോ അതോ സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കണമോയെന്നതു സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. 2,239 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി റിപ്പോര്‍ട്ട് മെട്രോ റെയില്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന ഇരുവരിപ്പാതയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31ഓടു കൂടി സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ 2006ല്‍ മെട്രോറെയില്‍ പദ്ധതി ആരംഭിക്കാമെന്ന് ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. നിര്‍മാണം വേഗം ആരംഭിക്കാനായാല്‍ 2010ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാമെന്നാണ് കരുതുന്നത്.
പദ്ധതി തുടങ്ങുന്നതിനുള്ള മുന്നോടിയായി സര്‍ക്കാരിന് നഗരവികസനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കുകയും ചെയ്യണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications